സൗത്ത് ഫ്ലോറിഡയിൽ ഏഷ്യക്കാരെ ലക്ഷ്യമിട്ട് മോഷണം : സംഘത്തിലെ 7 പേര്‍ അറസ്റ്റില്‍

ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡയിൽ ഏഷ്യക്കാരെ ലക്ഷ്യമിട്ടുള്ള മോഷണവുമായി ബന്ധപ്പെട്ട സംഘത്തിലെ ഏഴ് പ്രതികളെ അധികൃതര്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ബ്രോവാര്‍ഡ്, പാം ബീച്ച് ഷെരീഫ് ഓഫീസുകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

പ്രതികളുടെ ഒരു സംഘം ഏഷ്യയില്‍ നിന്നുള്ള ഫ്ലോറിഡയിലെ ബിസിനസ് ഉടമകളുടെ വീടുകള്‍ കേന്ദ്രീകരിച്ചാണ് മോഷണം നടത്തിയിരുന്നത്. മാത്രമല്ല, സൗത്ത് ഫ്ലോറിഡയിലാണ്‌ ഇത്തരത്തിലൊരു പ്രവണത തങ്ങള്‍ കണ്ടതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഏഷ്യയില്‍ നിന്നുള്ള ബിസിനസ്സ് ഉടമകള്‍, റെസ്റ്റോറന്റ്, സലൂണ്‍ ഉടമകള്‍ എന്നിവരുടെ വീടുകളിലാണ് പ്രതികള്‍ മോഷണം നടത്തിയിരുന്നത്. അവരുടെ വീട്ടില്‍ അതിക്രമിച്ച് കയറുകയോ അവരെ ഉപദ്രവിച്ച് മോഷണം നടത്തുകയോ ചെയ്യുന്നതാണ് പ്രതികളുടെ രീതി.

കൊളംബിയ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് പുരുഷന്മാരും ഒരു സ്ത്രീയുമാണ് പിടിയിലായത്.