ആരാധികയാണെന്ന് പറഞ്ഞ് അടുത്തെത്തി; 10 സെക്കൻഡിൽ കോടികളുടെ കവർച്ച, ഡോക്ടറുടെ കാറിൽനിന്ന് മോഷ്ടിച്ചത് ആഡംബര വസ്തുക്കൾ

ലണ്ടൻ: ആരാധകനാണെന്ന് പരിചയപ്പെടുത്തി അടുത്തെത്തി ശ്രദ്ധ തിരിച്ചു. പിന്നാലെ കാറിൽനിന്ന് കോടികൾ വിലമതിക്കുന്ന ആഡംബര വസ്തുക്കളുമായി കടന്നുകളഞ്ഞു. പ്രമുഖ ഇമാറാത്തി കോസ്മെറ്റിക് ഡോക്ടറും സംരംഭകയുമായ ഡോ. സൗാദ് ലുത്ഫിയുടെ ലണ്ടനിലെ വസതിക്കു മുന്നിലാണ് സിനിമാക്കഥയെ വെല്ലുന്ന മോഷണം നടന്നത്. വെറും പത്ത് സെക്കൻഡിനുള്ളിൽ 8.25 കോടി രൂപയോളം വിലമതിക്കുന്ന വസ്തുക്കളാണ് കവർന്നത്.

വീട്ടിൽനിന്ന് പുറത്തിറങ്ങി കാറിൽ കയറാൻ ഒരുങ്ങുന്നതിനിടെയാണ് ഡോക്ടറെ രണ്ടുപേർ സമീപിച്ചത്. ഇവരിലൊരാൾ ഡോക്ടറുടെ ആരാധകനാണെന്ന് പരിചയപ്പെടുത്തി ഒപ്പം നിന്ന് ഫോട്ടോയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇയാൾ സംസാരിച്ച് ശ്രദ്ധ തിരിക്കുന്നതിനിടെ മറ്റൊരാൾ കാറിന്റെ വാതിൽ തുറന്ന് സീറ്റിലിരുന്ന ബാഗ് കൈക്കലാക്കുകയായിരുന്നു. ഡോക്ടർക്ക് പ്രതികരിക്കാൻ അവസരം ലഭിക്കുന്നതിന് മുൻപുതന്നെ ഇരുവരും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

ഹെർമസ് ബ്രാൻഡിന്റെ അപൂർവ ഹാൻഡ് ബാഗുകൾ, കാർട്ടിയർ, വാൻ ക്ലീഫ് ആൻഡ് ആർപെൽസ് എന്നിവയുടെ വിലകൂടിയ ആഭരണങ്ങൾ, കാർട്ടിയർ പാന്തർ വാച്ച് എന്നിവയാണ് നഷ്ടപ്പെട്ടത്. ഏകദേശം 10 ലക്ഷം യുഎസ് ഡോളർ (36.7 ലക്ഷം ദിർഹം) വിലമതിക്കുന്ന വസ്തുക്കളാണ് മോഷണം പോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ലണ്ടൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

സോഷ്യൽ മീഡിയ വിവരങ്ങൾ കവർച്ചക്കാർക്ക് സഹായമായോ?

മോഷണത്തിന്റെ ആസൂത്രണവും കുറ്റവാളികളുടെ വേഗത്തിലുള്ള നീക്കവും പരിശോധിക്കുമ്പോൾ ഡോക്ടറെ നേരത്തേ നിരീക്ഷിച്ചിരുന്നിരിക്കാമെന്നാണ് സുരക്ഷാ വിദഗ്ധരുടെ വിലയിരുത്തൽ. ഇതിനായി സമൂഹമാധ്യമങ്ങളിലെ വിവരങ്ങൾ ഉപയോഗിച്ചിരിക്കാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പല പ്രമുഖരും തങ്ങളുടെ യാത്രകൾ, സന്ദർശിക്കുന്ന സ്ഥലങ്ങൾ, ദൈനംദിന ജീവിതം, വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയുടെ ചിത്രങ്ങളും വിവരങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ലൊക്കേഷൻ ടാഗ് ഉൾപ്പെടെയുള്ള തത്സമയ വിവരങ്ങൾ കുറ്റവാളികൾക്ക് വ്യക്തികളുടെ നീക്കങ്ങൾ നിരീക്ഷിക്കാനും സാമ്പത്തിക സ്ഥിതി മനസ്സിലാക്കാനും സഹായിച്ചേക്കാം.

സോഷ്യൽ മീഡിയ ഉപയോഗത്തിൽ ജാഗ്രത വേണം

വ്യക്തിഗത സുരക്ഷ ഉറപ്പാക്കാൻ സോഷ്യൽ മീഡിയയിൽ വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. യാത്രയ്ക്കിടയിൽ തത്സമയ ലൊക്കേഷൻ പങ്കുവയ്ക്കുന്നത് ഒഴിവാക്കുകയും യാത്ര കഴിഞ്ഞശേഷം ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നതാണ് സുരക്ഷിതം.

വിലകൂടിയ ആഭരണങ്ങൾ, വാച്ചുകൾ, ഡിസൈനർ ബാഗുകൾ തുടങ്ങിയവയുടെ ചിത്രങ്ങൾ പരസ്യമായി പങ്കുവയ്ക്കുന്നതും നിയന്ത്രിക്കണം. സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ സ്വകാര്യതാ ക്രമീകരണങ്ങൾ പരിശോധിച്ച് വ്യക്തിഗത വിവരങ്ങൾ അപരിചിതർക്ക് ലഭ്യമാകുന്നില്ലെന്ന് ഉറപ്പാക്കണം.

പൊതുസ്ഥലങ്ങളിൽ അപരിചിതർ പെട്ടെന്ന് സമീപിച്ച് സംസാരത്തിലൂടെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുമ്പോഴും ജാഗ്രത വേണം. ഒരു നിമിഷത്തെ അശ്രദ്ധപോലും വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാകാമെന്ന മുന്നറിയിപ്പാണ് ലണ്ടനിലെ ഈ മോഷണസംഭവം നൽകുന്നത്.