പെറുവിൽ വൻ കവർച്ച; കാറിന് നേരെ കൊള്ളക്കാർ വെടിയുതിർത്തു, ഇന്ത്യൻ യുവാവ് ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്

ലിമ: പെറുവിന്റെ തലസ്ഥാനമായ ലിമയ്ക്ക് സമീപമുള്ള കല്ലാവോ മേഖലയിൽ നടന്ന വൻ കവർച്ചയ്ക്കിടെ കൊള്ളക്കാരുടെ വെടിയേറ്റ് ഇന്ത്യൻ പൗരന് പരിക്ക്. 29 വയസ്സുകാരനായ വിജയ് പഗ്രാണി ഇസയ്ക്കാണ് വെടിയേറ്റത്. ഇദ്ദേഹത്തിനൊപ്പം കാറിലുണ്ടായിരുന്ന 35 വയസ്സുകാരിയായ മാരി നതാലി മിറാൻഡ എസ്പിനോസ എന്ന പെറുവിയൻ സ്വദേശിനിക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.

നവംബർ 27 വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 6.30-ഓടെ ലാ പെർല ജില്ലയിലെ കോസ്റ്റ വെർഡെ ഹൈവേയിലുള്ള സാന്താ റോസ കുന്നിന് സമീപത്താണ് സംഭവം. ജോർജ് ഷാവേസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ഇവരുടെ കറുത്ത എസ്‌യുവി കാർ നിരവധി വാഹനങ്ങളിലെത്തിയ മുഖംമൂടി സംഘം തടഞ്ഞുനിർത്തുകയായിരുന്നു.

രക്ഷപ്പെടാൻ കഴിയാത്തവിധം കാർ വളഞ്ഞ അക്രമികൾ വാഹനത്തിന് നേരെ 30-ലധികം തവണ തുരുതുരാ വെടിയുതിർത്തു. തുടർന്ന് കാറിന്റെ ഡോറുകൾ ബലമായി തുറന്ന കൊള്ളക്കാർ, സ്വർണ്ണാഭരണങ്ങളും സ്വർണ്ണക്കട്ടികളും അടങ്ങിയതെന്ന് കരുതപ്പെടുന്ന ബാഗുകളും സ്യൂട്ട്കേസുകളും കവർന്ന് കടന്നുകളഞ്ഞു.

വെടിയേറ്റ് പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ സാൻ മിഗ്വലിലെ സാൻ ജൂദാസ് തഡിയോ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. ഇരുവരും അപകടനില തരണം ചെയ്തതായും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

കൃത്യമായ ആസൂത്രണത്തോടെയുള്ള കവർച്ചയാണിതെന്നും അക്രമികൾ ഇവരെ നേരത്തെ മുതൽ പിന്തുടർന്നിരുന്നതായും കല്ലാവോ പൊലീസ് മേധാവി ജനറൽ ഓൾഗർ ബെനവിഡെസ് വ്യക്തമാക്കി. രക്ഷപ്പെടുന്നതിനിടെ അക്രമികൾ ഉപേക്ഷിച്ച മൊബൈൽ ഫോണുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി.

Major robbery in Peru; robbers open fire on a car, leaving two people—including an Indian man—injured.

More Stories from this section

family-dental
witywide