
കോഴിക്കോട്: 82,000 രൂപ വിലവരുന്ന ഐഫോൺ വാങ്ങിയ ശേഷം ബാങ്ക് അക്കൗണ്ട് വഴി പണം അയച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ. മാനന്തവാടി സ്വദേശി കടവത്തു മീത്തൽ വീട്ടിൽ കെ.എം. സാജിദിനെയാണ് (36) മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 17നാണ് കേസിനാസ്പദമായ സംഭവം. പൊറ്റമ്മലിലെ മൊബൈൽ ഫോൺ ഷോറൂമിൽ എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന പുതിയറ സ്വദേശി ഫാഹിസിന്റെ ഐഫോൺ വാങ്ങാനെത്തിയ പ്രതി 82,000 രൂപ നൽകാമെന്ന് പറഞ്ഞ് ഷോറൂമിന് മുന്നിൽവച്ച് ഫോൺ കൈക്കലാക്കുകയായിരുന്നു. പണം ബാങ്ക് അക്കൗണ്ട് വഴി അയച്ചുനൽകാമെന്ന് അറിയിച്ച ശേഷം ഇയാൾ സ്ഥലത്തുനിന്ന് മുങ്ങി.
പണം ലഭിക്കാതായതോടെ ഫാഹിസ് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ കോഴിക്കോട് വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സമാനമായ രീതിയിൽ പ്രതി മറ്റ് തട്ടിപ്പുകേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.















