‘ലജ്ജാവഹം’; തന്നെ പുറത്താക്കാനുള്ള ശ്രമങ്ങളെ അപലപിച്ച് യുഎസ് കോൺഗ്രസിലെ പലസ്തീൻ അനുകൂലി ഇൽഹാൻ ഒമർ

വാഷിങ്ടണ്‍: നിയമ നിർമാണ സഭയായ കോൺഗ്രസിൽ നിന്നും തന്നെ പുറത്താക്കാൻ ഇസ്രയേൽ അനുകൂല വ്യവസായികൾ വ്യാപകമായി ഫണ്ട് ശേഖരണം നടത്തിയെന്ന മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ടിനോട് പ്രതികരിച്ച് അമേരിക്കന്‍ കോണ്‍ഗ്രസിലെ ആദ്യ സൊമാലിയന്‍ വംശജയും പലസ്തീന്‍ അനുകൂലിയുമായ ഇല്‍ഹാന്‍ ഒമർ. ലജ്ജാകരം എന്നാണ് ഇൽഹാൻ ഒമർ സംഭവച്ചെ വിശേഷിപ്പിച്ചത്. യുഎസില്‍ കഴിഞ്ഞ ദിവസം നടന്ന പ്രൈമറി തെരഞ്ഞെടുപ്പില്‍ പലസ്തീന്‍ അനുകൂലിയായായ ഒമര്‍ തന്റെ സിറ്റിങ് മണ്ഡലമായ മിനിസോട്ടയില്‍ നിന്ന് ശക്തമായ തിരിച്ചടി നേരിട്ടിരുന്നു. തിരഞ്ഞെടുപ്പില്‍ ഒമറിനെ തോല്‍പ്പിക്കാനായി അമേരിക്കയിലെ ഒരു കൂട്ടം ഇസ്രയേലി കോടീശ്വരന്മാര്‍ കഴിഞ്ഞ ദിവസം ലക്ഷക്കണക്കിന് ഡോളര്‍ സമാഹരിച്ചെന്നാണ് റിപ്പോര്‍ട്ട്.

“എൻ്റെ എതിരാളി സജീവമായി റിപ്പബ്ലിക്കൻ വോട്ടുകൾ തേടുകയും എഐപിഎസിയിൽ നിന്ന് ധനസഹായം തേടുകയും ചെയ്യുന്നത് ലജ്ജാകരമാണ്,” ഒമർ സോഷ്യൽ മീഡിയയിൽ കുറിച്ചു. “ലോറ ലൂമർ, റോയ്സ് വൈറ്റ് എന്നിവരെപ്പോലുള്ള നികൃഷ്ടമായ MAGA റിപ്പബ്ലിക്കൻമാരിൽ നിന്ന് പിന്തുണ തേടാതെ, അവരുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരാളെ MN05 അർഹിക്കുന്നു.”

സമ്പന്നരായ ഇസ്രായേൽ അനുകൂല ദാതാക്കൾ സ്ഥാപിച്ച വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങൾ മിനിയാപൊളിസ് സിറ്റി കൗൺസിലിലെ മുൻ അംഗമായ ഡോൺ സാമുവൽസിൻ്റെ പ്രാഥമിക കാമ്പെയ്‌നിലേക്ക് പണം നിക്ഷേപിക്കാൻ ഏകോപിപ്പിച്ചതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു.

നിരന്തരമായി ഇസ്രയേൽ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിരുന്ന ഒമര്‍ 2019 മുതല്‍ യുഎസ് കോണ്‍ഗ്രസില്‍ മിനിസോട്ട മണ്ഡലത്തെ പ്രതിനിധീകരിക്കുന്നുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ ഇവര്‍ യുഎസ് കോണ്‍ഗ്രസിലെത്തുന്ന രണ്ടാമത്തെ മുസ്‌ലിം വനിതയാണ്. മിനിസോട്ട മണ്ഡലത്തിലെ ആദ്യ കറുത്ത വംശജ പ്രതിനിധിയായ ഇവര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പുരോഗമനവാദത്തിന്റെ വക്താവായാണ് അറിയപ്പെടുന്നത്. മണ്ഡലത്തിലെ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡോണ്‍ സാമുവല്‍സാണ് ഒമറിന്റെ മുഖ്യ എതിരാളി.