
ടെഹ്റാൻ: പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രത്തിന് നേരെ അമേരിക്ക നടത്തുന്ന ഭീഷണികൾക്കെതിരെ നിലപാട് കൂടുതൽ കടുപ്പിച്ച് ഇറാൻ രംഗത്ത്. യുഎസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു പ്രകോപനവും ദീർഘകാലം നിലനിൽക്കുന്ന കനത്ത പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് ഇറാൻ ഭരണകൂടം മുന്നറിയിപ്പ് നൽകി. തെറ്റായ തന്ത്രങ്ങളും പെട്ടെന്നുള്ള തീരുമാനങ്ങളും നിലവിലെ സാഹചര്യങ്ങളെ കൂടുതൽ വഷളാക്കുകയേ ഉള്ളൂവെന്ന് ഇറാൻ പാർലമെന്റ് സ്പീക്കറും മുഖ്യ ചർച്ചക്കാരനുമായ മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കി.
സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. ആക്രമണമുണ്ടായാൽ മേഖലയിലെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളും ആഗോള എണ്ണവിപണിയും പൂർണ്ണമായും തകരുമെന്നും വർഷങ്ങളോളം അമേരിക്കയ്ക്ക് പുറത്തുകടക്കാനാകാത്ത വിധം അതൊരു വലിയ ചതുപ്പായി മാറുമെന്നും ഗാലിബാഫ് ഓർമ്മിപ്പിച്ചു. അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ അമേരിക്ക ഇതുവരെ കാണാത്ത മറ്റൊരു ഇറാനെയാകും നേരിടേണ്ടി വരികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ്റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ തൊണ്ണൂറ് ശതമാനവും നിയന്ത്രിക്കുന്ന ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ഇറാനെതിരെ അതിശക്തമായ സൈനിക നീക്കം നടത്തുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്ന് ഈ കടുത്ത പ്രതികരണം വന്നിരിക്കുന്നത്.












