
അമേരിക്കൻ കോൺഗ്രസ് സാധാരണയായി വലിയ തർക്കങ്ങൾക്കും ബഹളങ്ങൾക്കും പേരു കേട്ട ഇടമാണ്. അവിടെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും തമ്മിൽ പലപ്പോഴും മിണ്ടാൻ പോലും ഇഷ്ടപ്പെടാറില്ല. എന്നാൽ കഴിഞ്ഞ ചൊവ്വാഴ്ച വാഷിംഗ്ടണിലെ ആ വലിയ ഹാളിൽ നടന്നത് തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു.
ബ്രിട്ടനിലെ രാജാവ് ചാൾസ് മൂന്നാമൻ പ്രസംഗിക്കാൻ എത്തിയതായിരുന്നു അവിടത്തെ പ്രധാന ആകർഷണം. സാധാരണ ഒരു പ്രസിഡന്റ് പ്രസംഗിക്കുമ്പോൾ കാണുന്ന പതിവ് ഉറക്കമോ, ഇടയ്ക്ക് എഴുന്നേറ്റു പോകലോ, ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളോ അവിടെ ഉണ്ടായിരുന്നില്ല. പകരം, സൂചി വീണാൽ കേൾക്കാവുന്ന അത്രയും നിശബ്ദതയോടെ എല്ലാവരും രാജാവിനെ കാതോർത്തു. രാജാവിൻ്റെ പ്രസംഗം ഗൗരവമേറിയ കാര്യങ്ങൾ മാത്രമായിരുന്നില്ല. ഇടയ്ക്കിടെ അദ്ദേഹം തമാശകൾ പറഞ്ഞപ്പോൾ ഹാൾ ചിരിയിൽ മുങ്ങി. ചിരി അടങ്ങാൻ വേണ്ടി അദ്ദേഹം ചിലപ്പോഴൊക്കെ പ്രസംഗം പകുതിക്ക് നിർത്തി കാത്തുനിൽക്കേണ്ടി പോലും വന്നു!
നേതാക്കളെല്ലാം രാജാവിന് മുന്നിൽ ഒരുപോലെ കൈയടിച്ചു. ആരും ഇടയ്ക്ക് കയറി സംസാരിച്ചില്ല, ആരും പ്രതിഷേധിച്ചില്ല. “നമ്മുടെ കൂട്ടായ ശക്തി” എന്നതായിരുന്നു അദ്ദേഹത്തിൻ്റെ മന്ത്രം. ആധുനിക ലോകത്തെ വലിയ പ്രശ്നങ്ങളെ നേരിടാൻ അമേരിക്കയും ബ്രിട്ടനും കൈകോർത്തു നിൽക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
നാറ്റോയുടെ പ്രധാന്യം ഊന്നിപ്പറഞ്ഞ് രാജാവ്
നാറ്റോയെക്കുറിച്ച് (NATO) പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പരസ്യമായി വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും, ഈ സഖ്യത്തിൻ്റെ പ്രാധാന്യവും ചരിത്രവും എടുത്തുപറയുന്നതിൽ രാജാവ് ഉറച്ചുനിന്നു. പരസ്പര പ്രതിരോധം, രഹസ്യാന്വേഷണം, സുരക്ഷാ ബന്ധങ്ങൾ എന്നിവ “വർഷങ്ങളിലല്ല, പതിറ്റാണ്ടുകളിലൂടെ കെട്ടുറപ്പുള്ളതാക്കിയതാണ്” എന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, കൂട്ടായ പ്രതിരോധത്തിനായി വീണ്ടും സമർപ്പിക്കാൻ കോൺഗ്രസിനോട് ആഹ്വാനം ചെയ്തു.
“നമ്മൾ ഈ ശ്രദ്ധേയമായ ഉദ്യമങ്ങളിൽ ഒരുമിച്ച് ഏർപ്പെടുന്നത് വെറും വികാരത്തിൻ്റെ പുറത്തല്ല. ഭാവിയിലേക്കായി വലിയ പങ്കാളിത്ത പ്രതിരോധം കെട്ടിപ്പടുക്കുന്നതിനാണ് നമ്മൾ ഇത് ചെയ്യുന്നത്. അതുവഴി വരും തലമുറകൾക്കായി നമ്മുടെ പൗരന്മാരെ കൂടുതൽ സുരക്ഷിതരാക്കുന്നു,” രാജാവ് പറഞ്ഞു. “നമ്മുടെ പൊതുവായ ആദർശങ്ങൾ സ്വാതന്ത്ര്യത്തിനും സമത്വത്തിനും മാത്രമല്ല, നമ്മുടെ പങ്കിട്ട സമൃദ്ധിയുടെ അടിസ്ഥാനം കൂടിയാണ്.”- അദ്ദേഹം ഉറച്ച വാക്കുകളിൽ പറഞ്ഞു.
സഖ്യത്തിൽ നിന്ന് അമേരിക്കയ്ക്ക് “യാതൊരു സഹായവും ആവശ്യമില്ല” എന്ന് ട്രംപ് നേരത്തെ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് സഹായം ആവശ്യപ്പെട്ടപ്പോൾ നാറ്റോയുടെ ഭാഗത്തുനിന്നും സഹായം ഉണ്ടാകാത്തതിനെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
“നമുക്ക് ആവശ്യമുള്ളപ്പോൾ നാറ്റോ അവിടെ ഉണ്ടായിരുന്നില്ല, ഇനി അവർക്ക് നമ്മളെ ആവശ്യമുള്ളപ്പോൾ നമ്മളും അവിടെ ഉണ്ടാവില്ല,” ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചതിങ്ങനെയായിരുന്നു.
എന്നാൽ തൻ്റെ പ്രസംഗത്തിൽ ഇതിനൊരു മറുപടിയെന്നോണം, നാറ്റോ സഖ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി ആർട്ടിക്കിൾ 5 ഉപയോഗിച്ച സന്ദർഭം രാജാവ് അനുസ്മരിച്ചു. 9/11 ഭീകരാക്രമണത്തിന് ശേഷം ഭീകരതയ്‌ക്കെതിരെ പോരാടാൻ അമേരിക്ക സഖ്യകക്ഷികളുടെ സഹായം തേടിയ സമയമായിരുന്നു അത്. “അന്ന് ഞങ്ങൾ നിങ്ങൾക്കൊപ്പം നിന്നു, ഒരിക്കലും മറക്കാനാവാത്ത ആ ദിനത്തിൻ്റെ ഗൗരവമേറിയ ഓർമ്മ പുതുക്കിക്കൊണ്ട് ഇന്നും ഞങ്ങൾ നിങ്ങൾക്കൊപ്പം നിൽക്കുന്നു,” അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള വിവിധ യുദ്ധഭൂമികളിൽ ഇന്നും ഇതേ ഐക്യം ആവശ്യമാണെന്ന് രാജാവ് വാദിച്ചു. യുക്രെയ്നിൽ സമാധാനത്തിനായി രാജാവ് ആഹ്വാനം ചെയ്തപ്പോൾ, അവിടുത്തെ സഹായം തുടരുന്ന കാര്യത്തിൽ നിയമനിർമ്മാണ സഭയ്ക്കുള്ളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും, സഭ ഒന്നടങ്കം അദ്ദേഹത്തിൻ്റെ വാക്കുകൾ കൈയടികളോടെയയാണ് സ്വാഗതം ചെയ്തത്.
“രണ്ട് ലോകമഹായുദ്ധങ്ങൾ, ശീതയുദ്ധം, അഫ്ഗാനിസ്ഥാൻ, നമ്മുടെ സുരക്ഷയെ നിർവചിച്ച നിമിഷങ്ങൾ എന്നിവയിലുടനീളം ഒരു നൂറ്റാണ്ടിലധികമായി നമ്മുടെ ജനങ്ങൾ ചെയ്തതുപോലെ, ഇന്നും നമ്മൾ ഒരേപോലെ ആഹ്വാനത്തിന് മറുപടി നൽകി,” രാജാവ് പറഞ്ഞു. “മിസ്റ്റർ സ്പീക്കർ, യുക്രെയ്നിന്റെയും അവിടുത്തെ ധീരരായ ജനങ്ങളുടെയും പ്രതിരോധത്തിനായി ഇതേ അചഞ്ചലമായ നിശ്ചയദാർഢ്യം ഇന്നും ആവശ്യമാണ്.”- സദസിനെ ചിന്തിപ്പിച്ചുകൊണ്ട് രാജാവിൻ്റെ വാക്കുകൾ കടന്നുപോയി.
അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യവാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ചാൾസ് രാജാവും കാമില രാജ്ഞിയും ഈ സന്ദർശനം നടത്തുന്നത്. 2007-ൽ എലിസബത്ത് രാജ്ഞി നടത്തിയ സന്ദർശനത്തിന് ശേഷം, ഏകദേശം 19 വർഷങ്ങൾക്കിപ്പുറമാണ് ഒരു ബ്രിട്ടീഷ് ഭരണാധികാരി അമേരിക്കയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്.
“തൻ്റെ മാതാവ് 35 വർഷങ്ങൾക്ക് മുമ്പ് ഇതേ സഭയിലെ സംയുക്ത യോഗത്തിൽ സംസാരിച്ച സമയത്തെക്കാൾ ‘കൂടുതൽ അസ്ഥിരവും അപകടകരവുമാണ്’ ഇന്നത്തെ ലോകമെന്ന് രാജാവ് വിശേഷിപ്പിച്ചു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അമേരിക്കയ്ക്ക് യുണൈറ്റഡ് കിംഗ്ഡത്തെപ്പോലൊരു സഖ്യകക്ഷി അത്യാവശ്യമാണെന്ന് അദ്ദേഹം വാദിച്ചു. ‘നമ്മൾ നേരിടുന്ന വെല്ലുവിളികൾ ഏതെങ്കിലും ഒരു രാജ്യത്തിന് തനിച്ച് താങ്ങാവുന്നതിലും വലുതാണ്,’ രാജാവ് പറഞ്ഞു. ‘എന്നാൽ പ്രവചനാതീതമായ ഈ സാഹചര്യത്തിൽ, നമ്മുടെ സഖ്യത്തിന് മുൻകാല നേട്ടങ്ങളിൽ മാത്രം അഭിരമിക്കാനോ അടിസ്ഥാന തത്വങ്ങൾ തനിയെ നിലനിൽക്കുമെന്ന് കരുതാനോ കഴിയില്ല. കഴിഞ്ഞ മാസം എൻ്റെ പ്രധാനമന്ത്രി പറഞ്ഞതുപോലെ, നമ്മുടേത് ഒഴിച്ചുകൂടാനാവാത്ത ഒരു പങ്കാളിത്തമാണ്. കഴിഞ്ഞ 80 വർഷമായി നമ്മെ നിലനിർത്തിയ എല്ലാ കാര്യങ്ങളെയും നാം അവഗണിക്കാൻ പാടില്ല. പകരം, അതിനെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ട് പോകണം,’ അദ്ദേഹം കൂട്ടിച്ചേർത്തു.”
എക്സിക്യൂട്ടീവ് അധികാരത്തിന്മേൽ കൃത്യമായ പരിശോധനകളും സന്തുലനവും ആവശ്യമാണെന്ന ബ്രിട്ടീഷ് രാജാവിന്റെ ആഹ്വാനത്തെ ഹർഷാരവത്തോടെയാണ് അമേരിക്കൻ നിയമനിർമ്മാതാക്കൾ സ്വീകരിച്ചത്. അമേരിക്കൻ ജനാധിപത്യത്തിൻ്റെ ആണിക്കല്ലായ ഈ തത്വത്തെക്കുറിച്ച് ചാൾസ് രാജാവ് നടത്തിയ പരാമർശത്തിന് ഭരണ-പ്രതിപക്ഷ ഭേദമന്യേ വലിയ പിന്തുണയാണ് ലഭിച്ചത്. പരസ്പര സംഘർഷങ്ങളിലൂടെയാണ് തുടക്കമെങ്കിലും, ഒരേ മൂല്യങ്ങൾ പങ്കിട്ടുകൊണ്ട് വളർന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം അദ്ദേഹം തൻ്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ബ്രിട്ടീഷ് നവോത്ഥാനത്തിന്റെയും മാഗ്നാ കാർട്ടയുടെയും പാരമ്പര്യം ഉൾക്കൊണ്ടാണ് 13 കോളനികൾ ചേർന്ന് അമേരിക്ക എന്ന രാഷ്ട്രം കെട്ടിപ്പടുത്തതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 1689-ലെ ബ്രിട്ടീഷ് ‘ഡിക്ലറേഷൻ ഓഫ് റൈറ്റ്സ്’ ആണ് 1791-ലെ അമേരിക്കൻ ‘ബിൽ ഓഫ് റൈറ്റ്സി’ന് ആധാരമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വൈവിധ്യവും സ്വതന്ത്രവുമായ സമൂഹങ്ങളാണ് ഇരുരാജ്യങ്ങളുടെയും ശക്തിയെന്നും അദ്ദേഹം പറഞ്ഞു. “ഒരാളുടെ ഇഷ്ടപ്രകാരമല്ല, മറിച്ച് പലരുടെ ആലോചനകളിലൂടെയും വോട്ടുകളിലൂടെയുമാണ് ജനാധിപത്യം പ്രവർത്തിക്കുന്നത്. ഈ സ്വാതന്ത്ര്യബോധമാണ് നമ്മുടെ രാജ്യങ്ങളുടെ കരുത്ത്,” രാജാവ് കൂട്ടിച്ചേർത്തു.
സഭയിൽ പൊതുവെ ഐക്യത്തിന്റെ അന്തരീക്ഷമായിരുന്നെങ്കിലും, പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള രാജാവിന്റെ പരാമർശത്തിൽ രാഷ്ട്രീയമായ ചേരിതിരിവ് പ്രകടമായി. അമേരിക്കയുടെ “മഹത്തായ പാരമ്പര്യം” (പ്രകൃതി സമ്പത്ത്) സംരക്ഷിക്കണമെന്ന രാജാവിന്റെ ആഹ്വാനത്തെ എഴുന്നേറ്റു നിന്ന് കൈയടിക്കാൻ റിപ്പബ്ലിക്കൻ പക്ഷത്തെ പകുതിയോളം അംഗങ്ങൾ തയ്യാറായില്ല. അമേരിക്കൻ പ്രസിഡന്റിന്റെ ‘സ്റ്റേറ്റ് ഓഫ് ദി യൂണിയൻ’ പ്രസംഗങ്ങൾക്കിടെ പലപ്പോഴും നിയമനിർമ്മാതാക്കൾ പരിഹാസങ്ങളോ പരസ്യമായ പ്രതിഷേധങ്ങളോ ഉയർത്താറുണ്ട്. എന്നാൽ ബ്രിട്ടീഷ് രാജാവിനോട് ആ രീതിയിലുള്ള വിയോജിപ്പുകളൊന്നും ആരും പ്രകടിപ്പിച്ചില്ല. ചില കാര്യങ്ങളിൽ വിയോജിപ്പുകൾ ഉള്ളപ്പോഴും വിദേശ രാഷ്ട്രത്തലവന് നൽകേണ്ട എല്ലാ മാന്യതയും ഭരണ-പ്രതിപക്ഷ ഭേദമന്യേ അംഗങ്ങൾ പാലിച്ചു.
British King addresses US Congress














