
അമേരിക്കയിലെ പ്രമുഖ ബാങ്കുകളിലൊന്നായ വെല്‍സ് ഫാര്‍ഗോ അടുത്തിടെ കുറച്ച് ജോലിക്കാരെ പിരിച്ചുവിട്ടു. ജോലി ചെയ്യുന്നുണ്ടെന്ന് തോന്നിപ്പിക്കാന്‍ കംപ്യൂട്ടറില്‍ കൃത്രിമത്വം കാണിച്ചതിനാലാണ് പലര്‍ക്കും പണിപോയത്. തങ്ങള്‍ വീട്ടിലിരുന്ന് സജീവമായി ജോലി ചെയ്യുന്നു എന്ന പ്രതീതി നല്‍കാന്‍ കീബോര്‍ഡ്, മൗസ് എന്നിവയില്‍ കൃത്രിമം കാട്ടുകയായിരുന്നു പിരിച്ചുവിട്ട ജോലിക്കാര്‍.
കമ്പനിക്ക് കര്‍ശനമായ മാനദണ്ഡങ്ങളുണ്ടെന്നും ‘അധാര്‍മ്മികമായ പെരുമാറ്റം വെച്ചുപൊറുപ്പിക്കില്ലെന്നും’ വെല്‍സ് ഫാര്‍ഗോ ബിബിസിയോട് പ്രതികരിച്ചു.
ഒരു കമ്പ്യൂട്ടര്‍ സ്ലീപ്പ് മോഡിലേക്ക് പോകുന്നത്, അല്ലെങ്കില്‍ കുറച്ചുസമയം പ്രവര്‍ത്തിക്കാത്തത് കാരണം അതിന്റെ സ്‌ക്രീന്‍സേവര്‍ സജീവമാക്കുന്നത് തടയാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ചെറിയ സോഫ്റ്റ്വെയര്‍ പ്രോഗ്രാമുകളാണ് മൗസ് ജിഗ്ലറുകള്‍.
കൃത്യമായ ഇടവേളകളില്‍ മൗസ് കഴ്സറിന്റെ ചെറുതും സ്വയമേവയുള്ളതും ക്രമരഹിതവുമായ ചലനങ്ങള്‍ ഉണ്ടാക്കുകയും അതുവഴി, പ്രവര്‍ത്തിക്കുന്നുവെന്ന് കമ്പ്യൂട്ടറിനെ കബളിപ്പിക്കുകയും ചെയ്യാം ഈ പ്രോഗ്രാം വഴി. ഇത്തരത്തില്‍ തങ്ങള്‍ ജോലിയിലാണെന്ന് കമ്പനിയെ തെറ്റ്ധരിപ്പിക്കുകയും യഥാര്‍ത്ഥത്തില്‍ ജോലി ചെയ്യാതിരിക്കുകയും ചെയ്തവര്‍ക്കെതിരെയാണ് കമ്പനി നടപടി സ്വീകരിച്ചത്.















