രാമ ക്ഷേത്ര പ്രസാദം എന്ന പേരില്‍ പലഹാരങ്ങള്‍ വിറ്റു; ആമസോണിന് നോട്ടീസ് നല്‍കി സര്‍ക്കാര്‍

ന്യൂഡല്‍ഹി : ‘ശ്രീരാമമന്ദിര്‍ അയോധ്യ പ്രസാദ്’ എന്ന പേരില്‍ മധുരപലഹാരങ്ങള്‍ വിറ്റതിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) ഇ-കൊമേഴ്സ് ഭീമനായ ആമസോണിന് നോട്ടീസ് അയച്ചു.

ആമസോണ്‍ പ്രസാദത്തിന്റെ മറവില്‍ മധുരപലഹാരങ്ങള്‍ വില്‍ക്കുന്ന വഞ്ചനാപരമായ കച്ചവടത്തില്‍ ഏര്‍പ്പെടുന്നുവെന്ന് ആരോപിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സിന്റെ (സിഎഐടി) പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള റെഗുലേറ്ററി അതോറിറ്റി നടപടി ആരംഭിച്ചത്. ജനുവരി 22 ന് പ്രതിഷ്ഠയ്ക്ക് ഒരുങ്ങുന്ന അയോധ്യയിലെ രാമക്ഷേത്രത്തില്‍ നിന്നുള്ള പ്രസാദം എന്ന പേരിലാണ് ഇവയൊക്കെ വിറ്റഴിച്ചിരുന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

ഏഴ് ദിവസത്തിനകം ആമസോണിനോട് ഉപഭോക്തൃ അതോറിറ്റി പ്രതികരണം തേടുകയും മറുപടി നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം കമ്പനിക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

വില്‍പ്പനയ്ക്കായി ആമസോണില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഉല്‍പ്പന്ന വിവരണങ്ങളില്‍ ‘ശ്രീ രാം മന്ദിര്‍ അയോധ്യ പ്രസാദ് – രഘുപതി നെയ്യ് ലഡൂ, അയോധ്യ രാം മന്ദിര്‍ അയോധ്യ പ്രസാദ്, ഖോയ ഖോബി ലഡൂ, രാം മന്ദിര്‍ അയോധ്യ പ്രസാദ് – ദേശി മില്‍ക്ക് പേഡ എന്നിവ ഉള്‍പ്പെടുന്നു. ഇത്തരം സമ്പ്രദായം ഉപഭോക്താക്കളെ തെറ്റായി സ്വാധീനിക്കുന്നുവെന്ന് കേന്ദ്ര അതോറിറ്റി വ്യക്തമാക്കി.

More Stories from this section

family-dental
witywide