കമലയ്ക്ക് പിന്തുണയുമായി ആയിരങ്ങള്‍ ചിക്കാഗോയില്‍; ഡെമോക്രാറ്റിക് കണ്‍വെന്‍ഷന്‍ പുരോഗമിക്കുന്നു

ചിക്കാഗോ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കമലാ ഹാരിസിന് പിന്തുണ അറിയിക്കാന്‍ നാല് ദിവസത്തെ യുഎസ് ഡെമോക്രാറ്റിക് കണ്‍വെന്‍ഷന് മുന്നോടിയായി ആയിരക്കണക്കിന് ആളുകള്‍ ചിക്കാഗോയില്‍ ഒത്തുകൂടി.

ചടങ്ങില്‍ 59കാരിയായ കമലാ ഹാരിസ് ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിത്വം സ്വീകരിക്കും. കമലാ ഹാരിസിന്റെ വൈസ് പ്രസിഡന്റ് മത്സരാര്‍ത്ഥിയായ മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സിന്റെ ഔദ്യോഗിക നാമനിര്‍ദ്ദേശവും കണ്‍വെന്‍ഷനിലുണ്ടാകും. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് കഴിഞ്ഞ മാസം പിന്മാറിയ നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ കണ്‍വെന്‍ഷനില്‍ സംസാരിക്കുമെന്നും കമലാ ഹാരിസ് അദ്ദേഹത്തോടൊപ്പം വേദി പങ്കിടുമെന്നും വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവര്‍ക്കും പുറമെ, മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ ബരാക് ഒബാമ, ബില്‍ ക്ലിന്റണ്‍ തുടങ്ങിയ നിരവധി നേതാക്കളും ചടങ്ങില്‍ സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കോവിഡ് പകര്‍ച്ചവ്യാധി വന്നപ്പോഴും, മാന്ദ്യമുണ്ടായപ്പോഴും അമേരിക്കയെ രക്ഷിച്ചത് ജോ ബൈഡനും കമലാ ഹാരിസുമാണെന്ന് അമേരിക്കയിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാവായ ലീ സോണ്ടേഴ്സ് കണ്‍വെന്‍ഷനില്‍ പറഞ്ഞു. അമേരിക്കയെ രക്ഷിക്കുന്ന പദ്ധതി നടപ്പിലാക്കി, സമ്പദ്വ്യവസ്ഥയെ രക്ഷിച്ചെന്നും മഹാമാരിയില്‍ ജനങ്ങള്‍ക്കൊപ്പം നിന്നെന്നും അദ്ദേഹം വ്യക്തമാക്കി.

‘കമലാ ഹാരിസ് ഞങ്ങളുടെ പാര്‍ട്ടിയുടെ നോമിനിയാണ്. ഭാവിയിലേക്ക് ഞങ്ങളെ ഒന്നു ചേര്‍ക്കാന്‍ ഇതിലും തന്ന നേതാവില്ലെന്നും കമല കോടതിമുറി പ്രോസിക്യൂട്ടര്‍, ഡിസ്ട്രിക്റ്റ് അറ്റോര്‍ണി, അറ്റോര്‍ണി ജനറല്‍, യുഎസ് സെനറ്റര്‍, യുഎസ് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, എന്നാണ് കണ്‍വെന്‍ഷനിലെ കാലിഫോര്‍ണിയയുടെ പ്രതിനിധി മാക്‌സിന്‍ വാട്ടേഴ്‌സ് പറയുന്നത്.

‘ഏകദേശം ആറ് വര്‍ഷമായി ഞാന്‍ ഗവര്‍ണര്‍ ടിം വാള്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് വളരാനുള്ള ഏറ്റവും നല്ല സ്ഥലമായി മിനസോട്ടയ്ക്കായി അദ്ദേഹം എത്രമാത്രം കഠിനാധ്വാനം ചെയ്തുവെന്ന് ഞാന്‍ കണ്ടു. അദ്ദേഹം വൈസ് പ്രസിഡന്റായിരിക്കുമ്പോള്‍, അദ്ദേഹം എപ്പോഴും നിങ്ങളുടേതായിരിക്കും,’ മിനസോട്ട ലെഫ്റ്റനന്റ് ഗവര്‍ണര്‍ പെഗ്ഗി ഫ്‌ലാനഗന്‍ കണ്‍വെന്‍ഷനില്‍ പറഞ്ഞതിങ്ങനെ.

‘അമേരിക്കാ ഫസ്റ്റ് എന്ന് അലറിവിളിക്കുന്നതല്ല യഥാര്‍ത്ഥ അമേരിക്കന്‍ ദേശസ്നേഹമെന്ന് എന്റെ അമ്മ എന്നെ പഠിപ്പിച്ചു. യഥാര്‍ത്ഥ അമേരിക്കന്‍ ദേശസ്നേഹം നിങ്ങളുടെ രാജ്യത്തെ വളരെയധികം സ്നേഹിക്കുന്നതാണ്, കമല ഹാരിസ് ഇത് മനസ്സിലാക്കുമെന്ന് ഞങ്ങള്‍ക്കറിയാമെന്നാണ് കമലയ്ക്കുള്ള പിന്തുണയായി കാലിഫോര്‍ണിയയിലെ പ്രതിനിധി റോബര്‍ട്ട് ഗാര്‍സിയ പറയുന്നത്. കറുത്തവരുടെ ചരിത്രം അമേരിക്കന്‍ ചരിത്രമാണെന്ന് നാമെല്ലാവരും മനസ്സിലാക്കണം. ഈ ചരിത്ര നിമിഷത്തില്‍, ഞങ്ങള്‍ അടുത്ത അധ്യായം ഒരുമിച്ച് എഴുതും’ NAACP പ്രസിഡന്റ് ഡെറിക്ക് ജോണ്‍സണ്‍ വ്യക്തമാക്കി.

അതേസമയം, ഡസന്‍ കണക്കിന് പ്രതിഷേധക്കാര്‍ തിങ്കളാഴ്ച ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷന് ചുറ്റുമുള്ള സുരക്ഷാ വേലിയുടെ ഒരു ഭാഗം തകര്‍ത്തുവെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെടേണ്ടതായി വന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

മാധ്യമ റിപ്പോര്‍ട്ടര്‍മാര്‍ക്കൊപ്പം ഡെമോക്രാറ്റിക് കണ്‍വെന്‍ഷന്‍ കവര്‍ ചെയ്യാന്‍ മുന്‍നിര ടിക്ടോക്ക് താരങ്ങള്‍ ഉള്‍പ്പെടെ 200-ലധികം കണ്ടന്റ് ക്രിയേറ്റര്‍മാര്‍ പങ്കെടുക്കുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിക്കാഗോ ഇവന്റിനായി അവര്‍ക്ക് പ്രവേശനം ലഭിച്ചിട്ടുണ്ടെന്നും കണ്‍വെന്‍ഷന്‍ ഫ്‌ളോറില്‍ സ്ഥലം അവര്‍ക്കായി റിസര്‍വ് ചെയ്തിട്ടുമുണ്ട്.

More Stories from this section

family-dental
witywide