
ന്യൂയോർക്ക്: യുഎസ്-കാനഡ അതിർത്തി വഴി നിയമവിരുദ്ധമായി ആളുകളെ കടത്തുന്നതിനിടെ ഇന്ത്യൻ കുടുംബം തണുത്തു മരവിച്ച് മരിച്ച സംഭവത്തിൽ തനിക്കെതിരായ ശിക്ഷയും കുറ്റപത്രവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യപ്രതി ഹർഷ്കുമാർ പട്ടേൽ യുഎസ് അപ്പീൽ കോടതിയെ സമീപിച്ചു. വിചാരണക്കോടതി തനിക്കെതിരെ ചുമത്തിയ കുറ്റങ്ങളും സാക്ഷിമൊഴികളും നിയമപരമായി നിലനിൽക്കില്ലെന്നാണ് ഇന്ത്യൻ വംശജനായ ഹർഷ്കുമാറിൻ്റെ വാദം.
കൊടുംതണുപ്പിൽ അതി ദാരുണ ദുരന്തം
ഈ കടുത്ത മനുഷ്യക്കടത്ത് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടത് ഗുജറാത്തിൽ നിന്നുള്ള ഒരേ കുടുംബത്തിലെ നാല് അംഗങ്ങൾക്കാണ്. 2022 ജനുവരിയിൽ കാനഡയിലെ മാനിറ്റോബയിൽ നിന്ന് യുഎസിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗുജറാത്ത് സ്വദേശികളായ ജഗദീഷ് പട്ടേൽ (39), ഭാര്യ വൈശാലി (37), മക്കളായ വിഹാംഗി(11), ധർമ്മിക് (3) എന്നിവർ അതിശൈത്യത്തിൽ മരവിച്ച് മരിച്ചത്. ഗുജറാത്തിലെ ഗാന്ധിനഗർ ജില്ലയിലുള്ള ഡിംഗുച്ച എന്ന ഗ്രാമവാസികളായിരുന്നു ഇവർ. നാട്ടിൽ സ്കൂൾ അധ്യാപകരായി ജോലി നോക്കുകയായിരുന്നു ജഗദീഷും ഭാര്യയും. നാട്ടിലെ സാഹചര്യങ്ങൾ വെച്ച് തരക്കേടില്ലാത്ത സാമ്പത്തിക ശേഷിയുള്ള കുടുംബമായിരുന്നു ഇവരുടേത്. മികച്ച ജീവിതസാഹചര്യങ്ങൾ തേടിയാണ് ഇവർ യുഎസിലേക്ക് കുടിയേറാൻ ആഗ്രഹിച്ചത്. സന്ദർശക വിസയിലാണ് ഇവർ ആദ്യം കാനഡയിലെ ടൊറന്റോയിൽ എത്തിയത്. അവിടെ നിന്നാണ് മനുഷ്യക്കടത്തുകാരുടെ സഹായത്തോടെ യുഎസ് അതിർത്തി കടക്കാൻ ശ്രമിച്ചത്.
2022 ജനുവരി 19-ന് രാത്രി കാനഡയിലെ മാനിറ്റോബയിൽ നിന്നും യുഎസിലെ മിനസോട്ടയിലേക്ക് നടന്ന് അതിർത്തി കടക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. അർദ്ധരാത്രിയിൽ അവിടുത്തെ തണുപ്പ് മൈനസ് 35 മുതൽ മൈനസ് 38 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു. അതിശൈത്യത്തെ പ്രതിരോധിക്കാൻ തക്കവണ്ണമുള്ള ശരിയായ മഞ്ഞുകാല വസ്ത്രങ്ങളോ ബൂട്ടുകളോ ഇവർ ധരിച്ചിരുന്നില്ല. 11 പേരടങ്ങുന്ന ഒരു വലിയ സംഘത്തോടൊപ്പമാണ് ഇവർ നടന്നു തുടങ്ങിയത്. എന്നാൽ കനത്ത മഞ്ഞുവീഴ്ചയിൽ കാഴ്ച മങ്ങിയതോടെ ഈ കുടുംബം സംഘത്തിൽ നിന്നും ഒറ്റപ്പെട്ടുപോയി. ഏകദേശം 11 മണിക്കൂറോളമാണ് ഇവർ കനത്ത മഞ്ഞിലൂടെ നടന്നത്. ഒടുവിൽ യുഎസ് അതിർത്തിക്ക് വെറും 12 മീറ്റർ മാത്രം അകലെ വെച്ച് നാലുപേരും തണുത്തു മരവിച്ചു വീഴുകയായിരുന്നു. കുഞ്ഞിനെ തണുത്ത കാറ്റിൽ നിന്നും രക്ഷിക്കാൻ ജഗദീഷ് പട്ടേൽ തന്റെ മരവിച്ച കൈയ്യുറകൾ കൊണ്ട് മകന്റെ മുഖം മറച്ചുപിടിച്ച നിലയിലായിരുന്നു. ഭാര്യ വൈശാലി അതിർത്തിയിലെ കമ്പിവേലിക്ക് സമീപമാണ് വീണു മരിച്ചത്.
‘ഡേർട്ടി ഹാരി’ എന്നറിയപ്പെടുന്ന ഹർഷ്കുമാർ പട്ടേൽ ഈ മനുഷ്യക്കടത്ത് സംഘത്തിൻ്റെ പ്രധാന സൂത്രധാരനായിരുന്നു. അനധികൃതമായി അതിർത്തി കടന്നുവരുന്നവരെ സ്വീകരിക്കാൻ യുഎസ് അതിർത്തിയിൽ വാഹനവുമായി കാത്തുനിന്ന സ്റ്റീവ് ഷാൻഡാണ് കേസിലെ മറ്റൊരു പ്രതി.
കഴിഞ്ഞ വർഷം നവംബറിൽ യുഎസ് ഫെഡറൽ ജൂറി ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് മിനസോട്ട ഫെഡറൽ കോടതി ഹർഷ്കുമാറിന് പത്ത് വർഷത്തിലധികം (121 മാസം) തടവുശിക്ഷ വിധിച്ചു. വിചാരണവേളയിൽ തനിക്കെതിരെ ഹാജരാക്കിയ ഫോറൻസിക്-സാഹചര്യ തെളിവുകൾ തൃപ്തികരമല്ലെന്നും, താൻ നിരപരാധിയാണെന്നും കാട്ടിയാണ് ഹർഷ്കുമാർ ഇപ്പോൾ യുഎസ് എട്ടാം സർക്യൂട്ട് അപ്പീൽ കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. കൂട്ടുപ്രതി സ്റ്റീവ് ഷാൻഡും സമാനമായ രീതിയിൽ അപ്പീൽ ഫയൽ ചെയ്തിട്ടുണ്ട് .ഈ അന്താരാഷ്ട്ര മനുഷ്യക്കടത്ത് കേസിലെ അപ്പീൽ ഹർജിയിൽ യുഎസ് അപ്പീൽ കോടതി വരും ദിവസങ്ങളിൽ വിശദമായ വാദം കേൾക്കും.
Tragedy of Indian family freezing to death at Canada border: Mastermind Harsh Kumar Patel files case in US court against sentence















