അമിത മദ്യപാനവും പെരുമാറ്റദൂഷ്യവും; യുഎസ് സെനറ്റ് ഹിയറിംഗിൽ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിനെ നിർത്തി പൊരിച്ച് ഡെമോക്രാറ്റുകൾ

വാഷിംഗ്ടൺ: യുഎസ് സെനറ്റ് ഹിയറിംഗിനിടെ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലും ഡെമോക്രാറ്റിക് സെനറ്റർമാരും തമ്മിൽ രൂക്ഷമായ വാഗ്വാദം. ഇന്ത്യൻ വംശജനായ കാഷ് പട്ടേലിൻ്റെ അമിത മദ്യപാന ശീലവും മോശം പെരുമാറ്റവും ഉയർത്തിക്കാട്ടിയാണ് സെനറ്റർമാർ രംഗത്തെത്തിയത്. 2027 ലെ ബജറ്റ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് നീതിന്യായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

മേരിലാൻഡിൽ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റർ ക്രിസ് വാൻ ഹോളനാണ് പട്ടേലിനെതിരെ ആദ്യം ആരോപണമുന്നയിച്ചത്. പട്ടേലിന്റെ അമിത മദ്യപാനം ഔദ്യോഗിക ചുമതലകളെ ബാധിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. “ഡയറക്ടർ പട്ടേൽ, നിങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ച് എനിക്ക് ഒരു ആശങ്കയുമില്ല. നിങ്ങളുടെ സ്വന്തം സമയത്തും സ്വന്തം പണത്തിലും നിങ്ങൾ എന്ത് ചെയ്യുന്നു എന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. എന്നാൽ അത് നിങ്ങളുടെ പൊതു ഉത്തരവാദിത്തങ്ങളെ ബാധിക്കുമ്പോൾ പ്രശ്നമാണ്. അമിതമായി മദ്യപിച്ച് ബോധമില്ലാതെ കിടന്നതിനെത്തുടർന്ന് ജീവനക്കാർക്ക് നിങ്ങളുടെ വീടിന്റെ വാതിൽ ബലമായി തുറന്ന് അകത്തു കയറേണ്ടി വന്നതായി റിപ്പോർട്ടുകളുണ്ട്.”- ക്രിസ് വാൻ ഹോളൻ തുറന്നടിച്ചു.

കാഷ് പട്ടേൽ (ആരോപണം നിഷേധിച്ച്): “ഇത് വെറും കാപട്യമാണ്. നിങ്ങൾ ഒരു കുറ്റവാളിയോടൊപ്പം മാർഗരീറ്റ (മദ്യം) അടിച്ചു നടക്കുകയായിരുന്നു. നികുതിദായകരുടെ 7,000 ഡോളർ (ഏകദേശം 5.8 ലക്ഷം രൂപ) ആണ് നിങ്ങൾ ബാറിൽ ചെലവഴിച്ചത്.” എന്നായിരുന്നു ഇതിന് മറുപടി നൽകിയത്.

എന്നാൽ, ക്രിസ് വാൻ ഹോളൻ പൊടുന്നനെ “നിങ്ങൾ ഈ വിഷയം ഇവിടെ ഉന്നയിച്ചതു വഴി, നിങ്ങൾ സംസാരിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് യാതൊരു വിവരവുമില്ലെന്നാണ് വ്യക്തമാകുന്നത്. നികുതിപ്പണം ഉപയോഗിച്ചല്ല ആ വിരുന്ന് നടത്തിയത്. 50 ഓളം പേർ പങ്കെടുത്ത ആ പരിപാടിയിൽ പൊതുപണം ദുരുപയോഗം ചെയ്തിട്ടില്ല. നിങ്ങൾ ഒരു നാണക്കേടാണ്.” എന്ന് തിരിച്ചടിച്ചു.

തർക്കം മുറുകിയതോടെ മദ്യപാനാസക്തി പരിശോധിക്കുന്നതിനുള്ള സൈനിക മാതൃകയിലുള്ള ടെസ്റ്റിന് വിധേയനാകാൻ വാൻ ഹോളൻ പട്ടേലിനോട് ആഹ്വാനം ചെയ്തു. “നിങ്ങൾ തയ്യാറാണെങ്കിൽ ഏത് ടെസ്റ്റിനും ഞാൻ ഒപ്പമുണ്ട്, നമുക്ക് ഒന്നിച്ച് ചെയ്യാം” എന്ന് പട്ടേൽ ഇതിന് മറുപടി നൽകി. ഹിയറിംഗ് നടക്കുന്നതിനിടെ വാൻ ഹോളൻ പങ്കെടുത്ത ഡിന്നറിന്റെ രേഖകൾ പട്ടേലിന്റെ ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെ എഫ്ബിഐ പുറത്തുവിടുകയും ചെയ്തു.

മറ്റൊരു ഡെമോക്രാറ്റിക് സെനറ്ററായ പാറ്റി മുറെയും പട്ടേലിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. “നിങ്ങൾക്ക് ലോക്കർ റൂമുകളിൽ മദ്യം വിളമ്പാനും കുപ്പികൾ പൊട്ടിക്കാനുമാണ് താല്പര്യമെങ്കിൽ നിങ്ങളുടെ പഴയ പോഡ്കാസ്റ്റിംഗിലേക്ക് തന്നെ തിരിച്ചുപോകൂ. ക്രമസമാധാനവും നിയമപാലനവും നീതിയോട് ആത്മാർത്ഥതയുള്ളവർക്ക് വിട്ടുകൊടുക്കൂ”- എന്നായിരുന്നു പാറ്റി പറഞ്ഞത്.

എഫ്ബിഐ ഡയറക്ടർ ആകുന്നതിന് മുൻപ്, കാഷ് പട്ടേൽ മുൻപ് സ്ഥിരമായി നടത്തിയിരുന്ന “കാഷ്സ് കോർണർ” എന്ന പ്രശസ്തമായ പോഡ്‌കാസ്റ്റിനെക്കുറിച്ചാണ് പാറ്റി മുറെ പരാമർശിച്ചത്. ഡോണൾഡ് ട്രംപിന്റെ ശക്തനായ അനുഭാവിയെന്ന നിലയിൽ കാഷ് പട്ടേൽ നടത്തിയിരുന്ന പ്രതിവാര രാഷ്ട്രീയ പോഡ്‌കാസ്റ്റാണിത്. അമേരിക്കൻ രാഷ്ട്രീയം, എഫ്ബിഐ ഉൾപ്പെടെയുള്ള രഹസ്യാന്വേഷണ ഏജൻസികളുടെ പ്രവർത്തനങ്ങൾ എന്നിവയായിരുന്നു ഇതിലെ പ്രധാന ചർച്ചാവിഷയങ്ങൾ. ട്രംപിനെതിരെയുള്ള അന്വേഷണങ്ങളെ അദ്ദേഹം ഇതിലൂടെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.

“നേരത്തെ ‘ദി അറ്റ്ലാന്റിക്’ മാഗസിൻ കാഷ് പട്ടേലിന്റെ അമിത മദ്യപാനത്തെക്കുറിച്ചും ഓഫീസിലെ അകാരണമായ അസാന്നിധ്യത്തെക്കുറിച്ചും റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെതിരെ പട്ടേൽ കോടതിയെ സമീപിച്ചിട്ടുണ്ട്.

ഇറ്റലിയിൽ നടന്ന ഒളിംപിക്സിനിടെ യുഎസ് ഹോക്കി ടീമിനൊപ്പം പട്ടേൽ മദ്യപിച്ച് ആഘോഷിച്ചതും സെനറ്റിൽ ചോദ്യം ചെയ്യപ്പെട്ടു. എന്നാൽ കോവിഡ് വാക്സിൻ വിവരങ്ങൾ ചോർത്തിയ ചൈനീസ് സൈബർ കുറ്റവാളിയെ യുഎസിലേക്ക് നാടുകടത്തുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക ആവശ്യത്തിനാണ് താൻ ഇറ്റലി സന്ദർശിച്ചതെന്നായിരുന്നു പട്ടേലിൻ്റെ വിശദീകരണം.

Excessive drinking and misconduct; Democrats slam FBI Director Kash Patel at US Senate hearing

More Stories from this section

family-dental
witywide