
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനുള്ള അഭ്യര്‍ത്ഥനയ്ക്കു വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ദുരന്തപിറ്റേന്നു മുതൽ സഹായം പല രീതിയിൽ വയനാടിനെ തേടിയെത്തുന്നുണ്ട്. ഇന്ന് നടൻ മോഹൻലാൽ എത്തി 3 കോടിയാണ് ആദ്യ ഘട്ടത്തിൽ സഹായം നൽകുമെന്ന് അറിയിച്ചത്.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡും കിംസ് ഹോസ്പിറ്റലും ഒരു കോടി രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. പോത്തീസ് റീട്ടെയില്‍ പ്രൈവറ്റ് ലിമിറ്റഡ് 50 ലക്ഷവും ചലചിത്ര താരങ്ങളായ നയന്‍താര 20 ലക്ഷവും അലന്‍സിയര്‍ 50,000 രൂപയും നല്‍കി. ലൈബ്രറി കൗണ്‍സില്‍ ജീവനക്കാരുടെ രണ്ടു ദിവസത്തെ വേതനവും സംസ്ഥാന, ജില്ല, താലൂക്ക് കൗണ്‍സില്‍ ഭാരവാഹികളുടെ ഓണറേറിയവും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സിറ്റിംഗ് ഫീസും ലൈബ്രേറിയന്‍മാരുടെ അലവന്‍സില്‍നിന്നുള്ള വിഹിതവും ഗ്രന്ഥശാലകളുടെ ഗ്രാന്റില്‍നിന്നുള്ള വിഹിതവും ചേര്‍ത്തുള്ള തുകയായ ഒരു കോടി രൂപ നല്‍കും. 20 ലക്ഷം രൂപ നല്‍കുമെന്നു ലിന്‍ഡെ സൗത്ത് ഏഷ്യ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡും അറിയിച്ചു.
ദുരിതബാധിതർക്കു വീട് നിര്‍മിച്ചു നല്‍കാമെന്നും സ്ഥലം നല്‍കാമെന്നും ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ പല മേഖലകളില്‍നിന്നും വരുന്നുണ്ട്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് ശ്രീ രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയിച്ചിട്ടുണ്ട്. വി.ഡി സതീശന്‍ നേരിട്ട് ചുമതല വഹിക്കുന്ന 25 വീടുകളും ഇതില്‍ ഉള്‍പ്പെടും. 100 വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിട്ടുണ്ട്. നാഷണല്‍ സര്‍വിസ് സ്‌കീം (എന്‍എസ്എസ്) 150 വീടുകള്‍ നിര്‍മിച്ചു നല്‍കുകയോ അല്ലെങ്കില്‍ അതിന്റെ തുക നല്‍കുകയോ ചെയ്യും.
ശോഭ റിയാലിറ്റി ഗ്രൂപ്പ് 50 വീടും കോഴിക്കോട് കേന്ദ്രീകരിച്ചുള്ള വ്യവസായികളുടെ കൂട്ടായ്മയായ ബിസിനസ് ക്ലബ് 50 വീടും നിര്‍മിച്ചുനല്‍കും. വേള്‍ഡ് മലയാളി കൗണ്‍സില്‍ 14 വീടും കോട്ടക്കല്‍ ആര്യവൈദ്യശാല 10 വീടും നിര്‍മിക്കും. വീടുകള്‍ വെച്ചുനല്‍കാന്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരും സന്നദ്ധത അറിയിച്ചു. കോഴിക്കോട് കാപ്പാട് സ്വദേശി യൂസുഫ് പുരയില്‍ അഞ്ച് സെന്റ് സ്ഥലം ദുരിതബാധിതര്‍ക്ക് വീട് വെച്ച് നല്‍കാനായി വിട്ടുനല്കാമെന്ന് അറിയിച്ചു. ഫ്രൂട്ട്‌സ് വാലി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി 10 ഏക്കര്‍ ഭൂമിയേറ്റെടുത്ത് കൃഷിയോഗ്യമാക്കി 10 മുതല്‍ 15 വരെ കുടുംബങ്ങള്‍ക്ക് നല്‍കും.
സിപിഎം ജനപ്രതിനിധികൾ ഒരു മാസത്തെ ശമ്പളം നൽകും
വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം എംപിമാരും എംഎല്‍എമാരും ഒരുമാസത്തെ ശമ്പളം കൈമാറും.കെ. രാധാകൃഷ്ണന്‍, ബകാഷ് രഞ്ചന്‍ ഭട്ടാചാര്യ, ജോണ്‍ ബ്രിട്ടാസ്, അംറാ റാം, വി. ശിവദാസന്‍, എ.എ. റഹിം, സു. വെങ്കിടേശന്‍, ആര്‍. സച്ചിതാനന്തം എന്നിവര്‍ ദുരിതാശ്വാസ നിധിയില്‍ പങ്കാളികളാകും. മാസശമ്പളമായ ഓരോ ലക്ഷം രൂപവീതം എട്ടുലക്ഷം രൂപയാണ് സിപിഎം എംപിമാര്‍ സംഭാവനചെയ്യുന്നത്.
ഇതിനു പുറമെ എംപിമാരുടെ തദ്ദേശ വികസന ഫണ്ടില്‍നിന്ന് മാര്‍ഗരേഖ പ്രകാരം പുനര്‍നിര്‍മാണ പദ്ധതികള്‍ക്ക് സഹായവും നല്‍കും.
സിപിഎം എംഎല്‍എമാര്‍ അവരുടെ ഒരു മാസത്തെ വേതനമായ 50,000 രൂപയും CMDRF-ലേക്ക് നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയും ഭാര്യ കമല 33,000 രൂപയും നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന കമ്മിറ്റി 25 ലക്ഷം രൂപയും പാര്‍ട്ടിയുടെ ത്രിപുര, തമിഴ്‌നാട് ഘടകങ്ങള്‍ 10 ലക്ഷം രൂപ വീതവും സംഭാവന നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
Thousands join hands for Wayanad Karnataka Chief Minister Siddaramaiah to build 100 houses