ജീവന്റെ തുടിപ്പുതേടി ആറാം നാള്‍… രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തില്‍

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലകളില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിച്ചു. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലാണു തിരച്ചില്‍. ചാലിയാറില്‍ രണ്ടു ഭാഗങ്ങളിലായാണു തിരച്ചില്‍ നടക്കുന്നത്. തിരച്ചില്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ചാലിയാറിലെ തിരച്ചിലടക്കം നാളെയോടെ അവസാനിപ്പിച്ചേക്കും.

മൃതദേഹം കണ്ടെത്താന്‍ സൈന്യം എത്തിച്ച റഡാറുകള്‍ വഴിയുള്ള പരിശോധനയാണ് ഇന്ന് നടക്കുക. ഐബോഡ് ഡ്രോണ്‍ ഉപയോഗിച്ചും പരിശോധന നടത്തും. ഉരുള്‍പൊട്ടലിന്റെ ഉത്ഭവ സ്ഥാനം മുതല്‍ പരിശോധന നടത്താനാണ് നീക്കം. തിരച്ചിലിനായി കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കും.

രക്ഷാപ്രവര്‍ത്തനത്തിന്റെ അഞ്ചാം ദിനമായിരുന്ന ഇന്നലെയും ആരെയും ജീവനോടെ കണ്ടെത്താനായിരുന്നില്ല. നാല് മൃതദേഹങ്ങളാണ് ദുരന്തഭൂമിയില്‍ നിന്നും ഇന്നലെ കണ്ടെടുത്തത്. അതേസമയം, ചാലിയാറില്‍ നിന്നും ഇന്നലെ കണ്ടെത്തിയത് 12 മൃതദേഹങ്ങളാണ്.

ഉരുള്‍പൊട്ടല്‍ ബാധിച്ച എല്ലാ സ്ഥലങ്ങളിലും ഇന്നലെ തെരച്ചില്‍ നടത്തിയിരുന്നു. ഇന്നലെ രാത്രിവരെയുള്ള കണക്കു പ്രകാരം മരണസംഖ്യ 364 ആയിട്ടുണ്ട്. 148 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്. മരിച്ചവരില്‍ 30 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. 93 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 10042 പേരാണ് കഴിയുന്നത്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌ക്കരിക്കും. സര്‍വ്വമത പ്രാര്‍ത്ഥനയോടെ ആയിരിക്കും സംസ്‌കാരം നടത്തുക.