കല്‍പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേഖലകളില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ആറാം ദിവസം പുരോഗമിക്കുന്നതിനിടെ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ചൂരല്‍മല അങ്ങാടിയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഇതോടെ മരണ സംഖ്യ 353 ലേക്ക് എത്തിയതായാണ് അനൗദ്യോഗിക വിവരം. ഔദ്യോഗിക കണക്കനുസരിച്ച് 219 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. 205 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കണക്ക്. തിരച്ചില്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലാണ് ഞായറാഴ്ച പ്രധാനമായും തിരച്ചില്‍ പുരോഗമിക്കുന്നത്. ഏഴോളം പോയിന്റുകള്‍ കേന്ദ്രീകരിച്ചാണ് ദൗത്യസംഘത്തിന്റെ പരിശോധന
അതേസമയം, ദുരന്തബാധിത മേഖലയില്‍ നിന്ന് ലഭിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ കൃത്യമായി കണ്ട്രോള്‍ റൂമിലെത്തിക്കണമെന്ന് അധികൃതര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയനാട് ജില്ലയിലെ ദുരന്ത സ്ഥലത്ത് നിന്ന് രക്ഷാപ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ലഭിച്ച ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും സിവില്‍ സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമിലോ മറ്റു കണ്‍ട്രോള്‍ റൂമിലോ ഏല്‍പിക്കണമെന്നാണ് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ അറിയിച്ചത്.