വീണ്ടും ‘സാഹസം’; മരപ്പട്ടിയും തിമിംഗലവും, ഇപ്പോൾ പാമ്പും! വന്യജീവി വകുപ്പിൻ്റെ മുന്നറിയിപ്പ് അവഗണിച്ച് പാമ്പുകളെ പിടിച്ച് യുഎസ് ആരോഗ്യ സെക്രട്ടറി

വാഷിംഗ്ടൺ: യുഎസ് ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ് കെന്നഡി ജൂനിയർ രണ്ട് പാമ്പുകളെ നഗ്നകൈകൾ കൊണ്ട് പിടികൂടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നു. തൻ്റെ സഹപ്രവർത്തകനും ‘സെന്റേഴ്സ് ഫോർ മെഡിക്കെയർ ആൻഡ് മെഡിക്െയ്ഡ് സർവീസസ്’ മേധാവിയുമായ ഡോ. മെഹ്മെത് ഓസിൻ്റെ ഫ്ലോറിഡയിലുള്ള ബീച്ച് ഹൗസിൽ നിന്നാണ് കെന്നഡി പാമ്പുകളെ പിടികൂടിയത്. കെന്നഡിയുടെ ഭാര്യയും നടിയുമായ ചെറിൽ ഹെയ്ൻസും സംഭവസമയത്ത് ഒപ്പമുണ്ടായിരുന്നു.

‘ബ്ലാക്ക് റേസർ’ ഇനത്തിൽപ്പെട്ട രണ്ട് പാമ്പുകളെയാണ് അദ്ദേഹം വരാന്തയിൽ നിന്നും മാറ്റിയത്. ചെരുപ്പ് ധരിക്കാതെ, സോക്സ് മാത്രം ഇട്ടുകൊണ്ടാണ് കെന്നഡി പാമ്പുകളെ പിടികൂടാൻ എത്തിയത്. അദ്ദേഹം പാമ്പുകളെ കയ്യിലെടുക്കുമ്പോൾ കൂടെയുള്ളവർ ഭയത്തോടെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കേൾക്കാം. പാമ്പുകൾ കയ്യിൽ കടിക്കാൻ ശ്രമിച്ചിട്ടും പുഞ്ചിരിയോടെ അദ്ദേഹം അവയെ ക്യാമറയ്ക്ക് മുന്നിൽ ഉയർത്തിപ്പിടിക്കുകയായിരുന്നു.

അതേസമയം, ഇത്തരം സാഹസങ്ങൾക്ക് മുതിരരുതെന്ന് വന്യജീവി അധികൃതർ പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി. വസന്തകാലത്ത് പാമ്പുകൾ കൂടുതൽ സജീവമാകാറുണ്ടെന്നും വിഷമില്ലാത്ത പാമ്പുകൾ പോലും ശക്തമായി കടിക്കാൻ സാധ്യതയുള്ളതിനാൽ അവയിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കണമെന്നും ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷൻ വ്യക്തമാക്കി. മനുഷ്യർ ശല്യപ്പെടുത്താതിരുന്നാൽ ബ്ലാക്ക് റേസർ പാമ്പുകൾ ഉപദ്രവകാരികളല്ലെന്ന് നാഷണൽ പാർക്ക് സർവീസും അറിയിച്ചു.

മൃഗങ്ങളുമായി ബന്ധപ്പെട്ട് റോബർട്ട് എഫ് കെന്നഡി ജൂനിയർ ഉൾപ്പെടുന്ന ആദ്യത്തെ വിവാദമല്ലിത്. മുൻപ് റോഡപകടത്തിൽ ചത്ത മരപ്പട്ടിയുടെ അവയവം മുറിച്ചെടുത്തതിലും, തീരത്ത് ചത്തടിഞ്ഞ തിമിംഗലത്തിൻ്റെ തല ചെയിൻസോ ഉപയോഗിച്ച് മുറിച്ച് വാഹനത്തിന് മുകളിൽ കെട്ടിവെച്ച് വീട്ടിലേക്ക് കൊണ്ടുപോയതിലും കെന്നഡിക്ക് പാർലമെൻ്റിലും പരിസ്ഥിതി പ്രവർത്തകർക്കിടയിലും കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

US Health Secretary ignores wildlife department’s warning and picks up snakes

More Stories from this section

family-dental
witywide