ആരാധകരേ…ശാന്തരാകുവിന്‍…അര്‍ജന്റീനയും മെസ്സിയും കേരളത്തില്‍ വരും

കൊച്ചി: ആരാധകരെ ആവേശക്കൊടുമുടിയില്‍ എത്തിക്കുന്ന ആ വാര്‍ത്ത കായിക മന്ത്രി വി അബ്ദുറഹിമാന്‍ തന്നെ സ്ഥിരീകരിച്ചു. ഇനി പറയാനുള്ളത് ആരാധകരേ…ശാന്തരാകുവിന്‍…അര്‍ജന്റീനയും മെസ്സിയും കേരളത്തില്‍ വരും എന്നു മാത്രമാണ്.

ലോകകപ്പ് ഫുട്‌ബോള്‍ ജേതാക്കളായ അര്‍ജന്റീന കേരളത്തില്‍ സൗഹൃദ മത്സരം കളിക്കാനാണ് എത്തുക. അടുത്ത വര്‍ഷം നടക്കുന്ന മത്സരത്തിന് കൊച്ചിയായിരിക്കും വേദിയെന്ന് ഒന്നില്‍ക്കൂടുതല്‍ മത്സരങ്ങള്‍ക്ക് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തയ്യാറായാല്‍ കോഴിക്കോടും തിരുവനന്തപുരവും പരിഗണിക്കും.

എതിര്‍ ടീമും വിദേശ ടീമാകാനാണ് സാധ്യത. ഫിഫ റാങ്കിങ്ങില്‍ ആദ്യ 50 സ്ഥാനത്തുള്ള ഏഷ്യന്‍ ടീമാവും എതിരാളികള്‍.

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചകള്‍ക്കായി കായിക മന്ത്രിയും ഉദ്യോഗസ്ഥരും രണ്ട് മാസം മുന്‍പ് സ്‌പെയിന്‍ സന്ദര്‍ശിച്ചിരുന്നു. കേരളത്തിലെ മത്സര വേദികള്‍ പരിശോധിക്കാനായി അര്‍ജന്റീന പ്രതിനിധികള്‍ ഈ വര്‍ഷം എത്തുമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. എന്നാല്‍ അടുത്ത വര്‍ഷമാകും ആ സന്ദര്‍ശനം എന്നാണ് വിവരം. അതിനു ശേഷമാകും അന്തിമ തീരുമാനം. ടീമുകളുടെ പ്രതിഫലം അടക്കം 200 കോടിയിലധികം രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്.

കേരളത്തില്‍ ഫുട്‌ബോള്‍ അക്കാദമികള്‍ തുടങ്ങാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി ധാരണയായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Also Read