തിരുവനന്തപുരം: അർജന്റീന ടീമിൻ്റെയും ലയണൽ മെസ്സിയുടെയും കേരളസന്ദർശനം വിദേശനാണ്യം രാജ്യത്തിന് പുറത്തേക്ക് കടത്താൻ മാത്രം ലക്ഷ്യമിട്ടാണ് ആസൂത്രണം ചെയ്‌തതെന്ന് സർക്കാർ. കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. 15 ദശലക്ഷം ഡോളർ (അന്ന് 126 കോടി) വിദേശത്തേക്ക് അയച്ചതിന് ഇടനിലനിന്ന വിദേശ കളക്‌ഷൻ ഏജന്റിനെക്കുറിച്ച് സർക്കാരിന് ഒരറിവും ഇല്ല. വിവാദസ്ഥാപനത്തെയാണ് സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർ.ബി.സി.) ഇടനിലക്കാരാക്കിയത്.
കഴിഞ്ഞ എൽഡിഎഫ് സർക്കാർ കേന്ദ്രസർക്കാർ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചാണ് മത്സരത്തിന് അനുമതിയുണ്ടെന്ന് പ്രചരിപ്പിച്ചത്. വിദേശനാണ്യവിനിമയം, സ്പോൺസറുടെ വിശദാംശം, മത്സരം കേരളത്തിന്റെ കായികരംഗത്തുണ്ടാക്കാവുന്ന നേട്ടം എന്നിവ അറിയിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. 15 ദശലക്ഷം ഡോളർ കൈമാറുന്നത് നിയമാനുസൃതമായിരിക്കണമെന്നും നിർദേശിച്ചിരുന്നു. ഇതൊന്നും അംഗീകരിക്കാതെയും സ്പോൺസറുടെ സാമ്പത്തിക ബാധ്യതപോലും വിലയിരുത്താതെയുമാണ് പദ്ധതിയുമായി അന്നത്തെ സർക്കാർ മുന്നോട്ടുപോയത്. പരിശോധിക്കുന്നതിൽ ധനവകുപ്പിന് കുറ്റകരമായ വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്പോൺസർക്ക് മത്സരം സംഘടിപ്പിക്കാനുള്ള അനുമതി മാത്രമാണ് 2024 ഡിസംബർ 24-ലെ ഉത്തരവനുസരിച്ച് നൽകിയിരുന്നത്. കരാറിൽ ഭേദഗതി വരുത്തണമെന്ന് അവർ ആവശ്യപ്പെട്ടതിനെത്തുടർന്ന് ആർ.ബി.സി.ക്ക് അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (എ.എഫ്.എ.) കരാറിൽ ഏർപ്പെടാൻ അനുമതിനൽകി പുതിയ ഉത്തരവിറക്കി. എന്നാൽ, ആർ.ബി.സി.യും എ.എഫ്.എ.യുമായുള്ള കരാറിന്റെ ഒരു രേഖയും സർക്കാരിന്റെ കൈവശമില്ല. അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ്റെ ഉറപ്പോ മെസ്സിയുടെ കരാറോ ഫിഫയുടെ അനുമതിയോ ഇല്ലാതെയാണ് 2025 ഒക്ടോബറിൽ മത്സരം നടക്കുമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
Messi’s Kerala visit: Government claims the aim was to siphon foreign currency out of the country.












