
മാർട്ടിൻ വിലങ്ങോലിൽ
കൊപ്പേൽ: കൊപ്പേൽ സെന്റ് അൽഫോൻസാ സിറോ മലബാർ ഇടവകയ്ക്കു അനുഗ്രഹ മുഹൂർത്തം സമ്മാനിച്ച് ഇരുപത്തിരണ്ടു ബാലന്മാർ അൾത്താരശുശ്രൂഷയിലേക്ക് പ്രവേശിച്ചു. ഷിക്കാഗോ സിറോ മലബാർ രൂപതയിൽ, ഇതാദ്യമായാണ് ഒരു ഇടവകയിൽ ഇത്രയും കുട്ടികൾ ഒന്നിച്ചു ശുശ്രൂഷാ പദവിക്ക് യോഗ്യത നേടുന്നത്.

മാർച്ച് 14, വെള്ളിയാഴ്ച്ച ഇടവകയിൽ വിശുദ്ധ കുർബാനക്കു മുൻപേ നടന്ന ചടങ്ങിൽ വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ എന്നിവർ ശുശ്രൂഷാ ബാലന്മാരെ ആശീർവദിച്ചു കൊത്തീനയും തിരുവസ്ത്രവും നൽകി.
വി. അൽഫോൻസാമ്മക്കു പ്രതിഷ്ഠിതമായിരിക്കുന്ന രീതിയിൽ തിരുവസ്ത്രങ്ങൾ അണിഞ്ഞു ധവളവസ്ത്ര ധാരികളായി 22 ബാലന്മാരും തങ്ങളുടെ ആദ്യ അൾത്താര സേവനത്തിനു തുടക്കം കുറിച്ചു. പുരോഹിതരോടൊപ്പം ഇവർ മദ്ബഹായിൽ പ്രവേശിച്ചപ്പോൾ ഇടവകക്കും അത് ധന്യമുഹൂർത്തമായി.

ദൈവവിളി ധാരാളമായി വർദ്ധിപ്പിക്കുവാനുള്ള ഉദ്ദേശശുദ്ധിയോടെയാണ് ഇടവക വൈദികർ ഇതിനു നേതൃത്വം നൽകി അൾത്താര സേവനത്തിനായി കുട്ടികളെ ഒരുക്കിയെടുത്ത്.
ക്രിസ്തുവിന്റെ പ്രതിപുരുഷനായ വൈദികനെ ബലിയിൽ സേവിക്കുക വഴി ഓരോ ശുശ്രൂഷകനും നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിനോടും അവിടുത്തെ സിംഹാസനമായ ബലിപീഠത്തോടും ഏറ്റവും അടുത്ത് നിൽക്കുവാനുള്ള യോഗ്യത നേടുന്നു. ഈ വിശ്വാസത്തിൽ ഓരോ മദ്ബഹാ ശുശ്രൂഷകനും തങ്ങളുടെ ശുശ്രൂഷകളിലൂടെ ദൈവ നിയോഗമാണ് അനുവർത്തിക്കുന്നത്.
ജോർജ് ജോസഫ്, ലിയോൺ തോമസ് എന്നിവർ കുട്ടികളെ പരിശീലിപ്പിക്കുന്നതിൽ നേതൃത്വം നൽകി.
22 new children enter altar service in Koppel Parish