
ജറുസലേം: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം മൂർച്ഛിക്കുന്ന പശ്ചാത്തലത്തിൽ, ഗൾഫ് അറബ് രാജ്യങ്ങൾ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് ഇസ്രായേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബി. ടെൽ അവീവിൽ നടന്ന ഉച്ചകോടിയിലാണ് ഇറാന്‍റെ ഭീഷണിക്കെതിരെ ഇസ്രായേലിനൊപ്പം നിൽക്കാൻ അദ്ദേഹം ഗൾഫ് രാജ്യങ്ങളോട് ആഹ്വാനം ചെയ്തത്. ഈ യുദ്ധം ആര് പക്ഷത്താണെന്ന് തിരിച്ചറിയാൻ സഹായിച്ചുവെന്നും ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നതിന്റെ ഗുണങ്ങൾ ഗൾഫ് രാജ്യങ്ങൾക്ക് ഇപ്പോൾ ബോധ്യപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു.ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ ഒരു തിരഞ്ഞെടുപ്പിന് നിർബന്ധിതരായിരിക്കുകയാണെന്ന് ഹക്കബി ചൂണ്ടിക്കാട്ടി. നിങ്ങളെ ആക്രമിക്കുന്നത് ഇസ്രായേലാണോ അതോ ഇറാനാണോ എന്ന് ചിന്തിക്കണം. ഇസ്രായേൽ നിങ്ങളെ സഹായിക്കുകയാണ് ചെയ്തതെന്നും എന്നാൽ ഇറാൻ നിങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ ഒരിക്കലും നിങ്ങളുടെ സ്വാഭാവിക ശത്രുവല്ലെന്നും നിങ്ങളുടെ ഭൂമി പിടിച്ചെടുക്കാൻ അവർ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജനവാസ മേഖലകളിലേക്ക് മിസൈലുകൾ അയക്കുന്നത് ഇസ്രായേലല്ല, മറിച്ച് ഇറാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.പ്രതിസന്ധി ഘട്ടത്തിൽ ഇസ്രായേലുമായി സഹകരിച്ചാൽ ലഭിക്കുന്ന നേട്ടങ്ങൾക്ക് ഉദാഹരണമായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെ (യുഎഇ) അദ്ദേഹം പ്രശംസിച്ചു.
ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നേരിടാൻ ഇസ്രായേൽ തങ്ങളുടെ ‘അയൺ ഡോം’ വ്യോമപ്രതിരോധ സംവിധാനവും അത് പ്രവർത്തിപ്പിക്കാനുള്ള സൈനികരെയും രഹസ്യമായി യുഎഇയിൽ വിന്യസിച്ചതായി ഹക്കബി വെളിപ്പെടുത്തി. യുദ്ധസമയത്ത് ആറ് ഗൾഫ് രാജ്യങ്ങളെയും ഇറാൻ ലക്ഷ്യം വെച്ചിരുന്നുവെന്നും അതിൽ ഏറ്റവും കൂടുതൽ പ്രഹരമേറ്റത് യുഎഇയ്ക്കായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ ഇസ്രായേലിനൊപ്പം നിൽക്കുന്നതാണ് ബുദ്ധിയെന്ന കർശനമായ സന്ദേശമാണ് യുഎസ് പ്രതിനിധി ഇതിലൂടെ നൽകിയിരിക്കുന്നത്.













