യുദ്ധക്കെടുതികളിൽ നിന്ന് ഉയർത്തെഴുന്നേറ്റ് ഇറാൻ; തലസ്ഥാനത്തെ 80 ശതമാനം തകർച്ചകളും പരിഹരിച്ചതായി റിപ്പോർട്ട്

ടെഹ്റാൻ: അമേരിക്ക-ഇസ്രായേൽ സഖ്യവുമായുള്ള യുദ്ധത്തിൽ തകർന്നടിഞ്ഞ ഇറാൻ തലസ്ഥാനത്തെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക്. ടെഹ്‌റാനിൽ യുദ്ധക്കെടുതി ബാധിച്ച 80 ശതമാനത്തോളം പ്രദേശങ്ങളുടെയും അറ്റകുറ്റപ്പണികൾ പൂർത്തിയായതായി ഇറാൻ ഔദ്യോഗിക മാധ്യമമായ ഐ.ആർ.ഐ.ബി (IRIB) റിപ്പോർട്ട് ചെയ്തു. മൂന്നാം അധിനിവേശ യുദ്ധമെന്ന് ഇറാൻ വിശേഷിപ്പിക്കുന്ന ഈ പോരാട്ടത്തിൽ ടെഹ്‌റാൻ പ്രവിശ്യയിലെ അറുപതിനായിരത്തിലധികം പാർപ്പിട-വാണിജ്യ കേന്ദ്രങ്ങൾ തകർക്കപ്പെട്ടുവെന്ന് ഡെപ്യൂട്ടി ഗവർണർ സയ്യിദ് കമാലുദ്ദീൻ മിർജാഫരിയൻ വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തിൽ ഇറാന് ഏകദേശം 270 ബില്യൺ ഡോളറിന്റെ (ഏകദേശം 22 ലക്ഷം കോടിയിലധികം രൂപ) നേരിട്ടുള്ളതും അല്ലാത്തതുമായ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണത്തിൽ പാലങ്ങൾ, തുറമുഖങ്ങൾ, റെയിൽവേ ശൃംഖലകൾ എന്നിവയ്ക്ക് കനത്ത നാശമുണ്ടായി. കൂടാതെ സർവ്വകലാശാലകൾ, ഗവേഷണ കേന്ദ്രങ്ങൾ, നിരവധി വൈദ്യുതി നിലയങ്ങൾ, ശുദ്ധജല പ്ലാന്റുകൾ എന്നിവ നേരിട്ട് ആക്രമിക്കപ്പെട്ടു.ആശുപത്രികളും വിദ്യാലയങ്ങളും സാധാരണക്കാരുടെ വീടുകളും വൻതോതിൽ തകർക്കപ്പെട്ടത് വലിയ മാനുഷിക പ്രതിസന്ധിക്കാണ് വഴിതുറന്നത്.

രാജ്യം നേരിട്ട ഈ വമ്പിച്ച സാമ്പത്തിക-ഭൗതിക തകർച്ചയിൽ നിന്ന് കരകയറാനുള്ള തീവ്രശ്രമത്തിലാണ് ഇറാൻ ഭരണകൂടം. തലസ്ഥാന നഗരിയിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നത് ജനജീവിതം സാധാരണ നിലയിലാക്കാൻ സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വരും മാസങ്ങളിൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെയും പുനർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ഇറാൻ ലക്ഷ്യമിടുന്നത്.

More Stories from this section

family-dental
witywide