
വാഷിങ്ടണ്‍: ഇന്‍ഫ്‌ലുവന്‍സറും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയുമായ ചാര്‍ളി കിര്‍ക്ക് വധിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് സുരക്ഷാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നതായി റിപ്പോര്‍ട്ട്. പ്രമുഖരായ വ്യക്തികള്‍ക്ക് സുരക്ഷയൊരുക്കുന്ന ബെവര്‍ലി ഹില്‍സിലെ ‘ ദി ബോഡിഗാര്‍ഡ് ഗ്രൂപ്പ്’ ഉടമ ക്രിസ് ഹെര്‍സോഗ് ഇക്കാര്യം നേരിട്ടു തന്നെ ചാര്‍ളിയെ അറിയിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
മാര്‍ച്ച് 6-ന് താന്‍ കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് ചാര്‍ളിയെ കണ്ടിരുന്നുവെന്നും അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാണെന്ന് താന്‍ തുറന്നു പറഞ്ഞിരുന്നെന്നും ക്രിസ് മാധ്യമങ്ങളോട് വ്യക്തമാക്കി. സുരക്ഷയ്ക്കായി ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് പാനലുകള്‍ ഉപയോഗിക്കാനും 700 മീറ്റര്‍ ചുറ്റളവിലുള്ള എല്ലാവരെയും മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിക്കാനും ഹെര്‍സോഗ് നിര്‍ദ്ദേശിച്ചിരുന്നു. ഒരു സ്‌നൈപ്പര്‍ ഉപയോഗിച്ച് തലയ്ക്ക് വെടിവെക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ബാലിസ്റ്റിക് ഗ്ലാസ് ഉപയോഗിക്കേണ്ടത് നിര്‍ബന്ധമാണെന്നും താന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നെന്ന് ഹെര്‍സോഗ് വിശദീകരിച്ചു.
ചാര്‍ളിയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ പോരായിരുന്നെന്നുതന്നെയാണ് ഹെര്‍സോഗിന്റെ ടീം കരുതിയിരുന്നതെന്നും തന്റെ ഗ്രൂപ്പിലെ എല്ലാവരും ഇക്കാര്യം പറഞ്ഞിരുന്നതായും ക്രിസ് പറഞ്ഞു.
യൂട്ടാവാലി യൂണിവേഴ്‌സിറ്റിയില്‍ വെച്ച് വെടിയേറ്റാണ് ചാര്‍ളി കിര്‍ക്ക് കൊല്ലപ്പെട്ടത്. ടൈലര്‍ റോബിന്‍സണ്‍ എന്ന 22കാരന്റെ വെടിയേറ്റായിരുന്നു മരണം. പ്രതിയെന്ന് സംശയിക്കുന്ന ടൈലര്‍ റോബിന്‍സണെ എഫ്ബിഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.









