യുഎസ് ഗാസ ഏറ്റെടുക്കുമെന്ന് ട്രംപ് , ഇസ്രായേലിന് ഇതുവരെ ഉണ്ടായിരുന്നതില്‍ വച്ച് ഏറ്റവും വലിയ സുഹൃത്താണ് ട്രംപെന്ന് നെതന്യാഹു

വാഷിംഗ്ടണ്‍: ഹമാസുമായുള്ള യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഗാസ ഏറ്റെടുക്കണമെന്ന അസാധാരണമായ ഒരു നിര്‍ദ്ദേശമാണ് ട്രംപ് അമേരിക്കയ്ക്ക് മുന്നില്‍വെച്ചത്.

‘യുഎസ് ഗാസ മുനമ്പ് ഏറ്റെടുക്കും, ഞങ്ങളും അത് ഉപയോഗിക്കും. ഞങ്ങള്‍ അത് സ്വന്തമാക്കും,’ ട്രംപ് നെതന്യാഹുവുമായുള്ള സംയുക്ത പത്രസമ്മേളനത്തില്‍ പറഞ്ഞു. മാത്രമല്ല, പൊട്ടിത്തെറിക്കാതെ അവശേഷിക്കുന്ന ബോംബുകള്‍ അമേരിക്ക നിര്‍വ്വീര്യമാക്കുമെന്നും, തകര്‍ന്ന കെട്ടിടങ്ങാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുമെന്നും, പ്രദേശത്തെ ജനങ്ങള്‍ക്ക് പരിധിയില്ലാത്ത തൊഴിലവസരങ്ങളും മറ്റും നല്‍കുന്ന ഒരു സാമ്പത്തിക വികസനം സൃഷ്ടിക്കുമെന്നും’ ട്രംപ് പറഞ്ഞു.

‘ഇസ്രായേലിന് ഇതുവരെ ഉണ്ടായിരുന്നതില്‍ വച്ച് ഏറ്റവും വലിയ സുഹൃത്ത്’ എന്നാണ് ട്രംപിനെ നെതന്യാഹു വിശേഷിപ്പിച്ചത്. യുഎസ് പ്രസിഡന്റിന്റെ ഗാസ പദ്ധതിക്ക് ‘ചരിത്രം മാറ്റാന്‍’ കഴിയുമെന്നും അത് ‘ശ്രദ്ധിക്കേണ്ടതാണെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.