അയോധ്യ സംഭാവനത്തട്ടിപ്പിൽ രണ്ട് പേർ അറസ്‌റ്റിൽ, എട്ട് പേർക്കെതിരെ കേസെടുത്ത് പൊലീസ്

അയോധ്യയിലെ രാമക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച പണം വകമാറ്റി ചെലവഴിച്ച സംഭവത്തിൽ അനുകൽപ് മിശ്ര, ലവകുഷ് മിശ്ര എന്നീ രണ്ടുപേർ അറസ്റ്റിൽ. കേസിൽ എട്ടുപേരെ പ്രതികളാക്കി എഫ്‌ഐആർ രജിസ്റ്റ‌ർ ചെയ്തു. അവിനാഷ് ശുക്ല, രാംശങ്കർ മിശ്ര, മനീഷ് യാദവ്, സുഭാഷ് ചന്ദ്ര ശ്രീവാസ്ത‌വ, കരുണേഷ് പാണ്ഡെ, ട്രസ്‌റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ ഡ്രൈവറായ രാംശങ്കർ മിശ്ര എന്നിവരാണ് മറ്റു പ്രതികൾ. ഇവർക്കായി തിരച്ചിൽ നടക്കുകയാണ്.

പ്രതികളിലെ ആറ് പേർ പണം എണ്ണാൻ ചുമതലപ്പെടുത്തിയിരുന്ന ക്ഷേത്ര ജീവനക്കാരാണ്. എട്ട് പേരും പണം തട്ടിയെടുക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. പ്രതികൾക്കെതിരെ മോഷണം, വിശ്വാസവഞ്ചന, വഞ്ചന, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തത്. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് നടപടി. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്‌റ്റ് അംഗം കൃഷ്ണ മോഹൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാമജന്മഭൂമി പൊലീസ് ‌സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

കാണിക്ക കൈകാര്യം ചെയ്യുന്നതിൽ ജൂൺ 13ന് ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നതിനെത്തുടർന്ന് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിൻറെ ഔദ്യോഗിക അഭ്യർഥന പ്രകാരമാണ് എസ്ഐടി രൂപീകരിച്ചത്. ലക്‌നൗ ഡിവിഷനൽ കമ്മിഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലുള്ള സമിതിയിൽ ലക്ന‌ൗ റേഞ്ച് ഐജി എസ്.കിരൺ, ധനകാര്യ സ്പെഷൽ സെക്രട്ടറി നീൽരതൻ കുമാർ എന്നിവരും അംഗങ്ങളായിരുന്നു. ഞെട്ടിക്കുന്ന കണ്ടെത്തലുകളാണു ദിവസങ്ങൾക്കകം എസ്ഐടി നടത്തിയത്.

ക്ഷേത്ര ജീവനക്കാരിൽ ഒരാളുടെ വസതിയിൽനിന്നു 10 ലക്ഷത്തിലേറെ രൂപ പിടിച്ചെടുത്തു. ക്ഷേത്രത്തിലെ സംഭാവനപ്പെട്ടികളുടെ താക്കോലുകൾ മറ്റൊരു ജീവനക്കാരന്റെ കയ്യിൽനിന്നു കണ്ടെടുക്കുകയും ചെയ്തു. ക്ഷേത്രവുമായി ബന്ധപ്പെട്ട സന്നദ്ധസേവനം ചെയ്യുന്നവരും ജീവനക്കാരും ഉൾപ്പെടെയുള്ളവർ എസ്ഐടി നിരീക്ഷണത്തിലാണ്. ഇവരിൽ പലരുടെയും സാമ്പത്തിക സ്‌ഥിതി 2024 ജനുവരി 22ന് രാം ലല്ലയുടെ പ്രതിഷ്‌ഠാ ചടങ്ങിനു ശേഷം അതിവേഗം മാറിയതും ചിലർ പൊടുന്നനെ കോടീശ്വരന്മാരായതുമാണ് സംശയത്തിനിടയാക്കിയത്.

Two arrested in Ayodhya donation scam, police register case against eight

More Stories from this section

family-dental
witywide