തിരുവനന്തപുരം: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമാധാന നൊബേല്‍ നൽകാഞ്ഞത് താൻ നൊബേൽ കമ്മിറ്റിയ്ക്ക് കത്തെഴുതിയത് കൊണ്ടാണെന്ന അവകാശവാദവുമായി ഇന്ത്യന്‍ സുവിശേഷകൻ ഡോ. കെ.എ. പോൾ. ട്രംപിന് പുരസ്‌കാരം നൽകരുതെന്നാവശ്യപ്പെട്ട് താന്‍ നൊബേൽ കമ്മിറ്റിക്ക് കത്തെഴുതിയെന്നും അത് പ്രകാരമാണ് ട്രംപിനെ അന്തിമ പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്നുമാണ് ഇയാൾ പറയുന്നത്.
ട്രംപ് ഒരു സ്വയംപൊങ്ങിയാണ്. നൊബേല്‍ പുരസ്കാരത്തിനായി ലോക നേതാക്കളെ സമ്മർദ്ദത്തിലാക്കി. സമാധാന നൊബേൽ ട്രംപ് അനുകൂലികൾ കുത്തിയിരുന്ന് പ്രാർത്ഥിച്ചിട്ടും അവാര്‍ഡ് ലഭിക്കാതെ പോയത് തന്‍റെ പ്രാര്‍ഥനയുടെ ഫലമാണ്. റഷ്യ- യുക്രെയിൻ യുദ്ധത്തിൽ വ്യാജ വാഗ്ദാനങ്ങൾ നൽകിയെന്നും നേതാക്കളെ വധിക്കാൻ പദ്ധതിയിട്ടുവെന്നും ഗാസയിലെ ജനങ്ങളെ പട്ടിണിക്കിട്ടുവെന്നും ഇയാൾ ട്രംപിനെ കുറ്റപ്പെടുത്തി.
2000ത്തിന്റെ തുടക്കത്തിൽ തനിക്ക് സമാധാന നൊബേൽ വാഗ്ദാനം ഉണ്ടായിരുന്നു. എന്നാൽ ഞാനത് സന്തോഷപൂർവം നിരസിച്ചു. ഭാരതരത്ന നൽകാമെന്നും ശുപാർശയുണ്ടായി. അതും ഞാൻ നിരസിച്ചുവെന്നും ഇദ്ദേഹം പറയുന്നു. നേരത്തെ, യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ 2025 ഓഗസ്റ്റ് 24നോ 25നോ നടപ്പാക്കുമെന്ന് സുപ്രീംകോടതിയിൽ അറിയിച്ചതിലൂടെ വാർത്തകളിൽ ഇടംനേടിയ ആളാണ് കെ.എ. പോൾ.












