
ടെഹ്‌റാൻ/വാഷിംഗ്ടൺ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി വെള്ളിയാഴ്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച കടുത്ത നിബന്ധനകളോട് ഔദ്യോഗികമായി പ്രതികരിക്കാതെ ഇറാൻ ഭരണകൂടം. തന്ത്രപരമായ മൗനം പാലിക്കുമ്പോഴും, ട്രംപിനെതിരെ കടുത്ത വിമർശനവുമായി ഇറാന്റെ പരമോന്നത നേതൃത്വം രംഗത്ത് വന്നു. ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ലെന്ന് സമ്മതിക്കുക, ഹോർമുസ് കടലിടുക്ക് ഉടനടി പൂർണ്ണമായി തുറന്നുനൽകുക, കടലിലെ മൈനുകൾ നീക്കം ചെയ്യുക തുടങ്ങിയ വ്യവസ്ഥകൾ ട്രംപ് സോഷ്യൽ മീഡിയയിലൂടെ പരസ്യപ്പെടുത്തിയതിന് പിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്നും ആദ്യ പ്രതികരണമുണ്ടായത്.
പ്രവചിക്കപ്പെട്ടിരുന്നതുപോലെ, അമേരിക്കൻ പ്രസിഡന്റ് മൂന്നാം തവണയും നയതന്ത്ര ചർച്ചകളെ ചതിച്ചിരിക്കുകയാണെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ മുഖ്യ ഉപദേശകനായ മൊഹ്സൻ റെസായീ ശനിയാഴ്ച കുറ്റപ്പെടുത്തി. സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ തന്നെ അമേരിക്ക തങ്ങൾക്ക് നേരെ രണ്ട് തവണ സൈനിക ആക്രമണം നടത്തിയതായി ഇറാൻ ആരോപിക്കുന്നു. “നാവിക ഉപരോധം തുടരുന്നതിലൂടെയും ചർച്ചകളിൽ കടുത്തതും അമിതവുമായ ആവശ്യങ്ങൾ മുന്നോട്ടുവെക്കുന്നതിലൂടെയും, ട്രംപിന് യഥാർത്ഥത്തിൽ ചർച്ചകളിൽ താൽപ്പര്യമില്ലെന്നും അദ്ദേഹം മറ്റ് ലക്ഷ്യങ്ങളാണ് പിന്തുടരുന്നതെന്നും ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്,” റെസായീ തന്റെ ‘എക്സ്’ ഹാൻഡിലിൽ കുറിച്ചു.
അതേസമയം, അമേരിക്കയുമായുള്ള ചർച്ചകൾ ഇപ്പോഴും പൂർണ്ണമായി തകർന്നിട്ടില്ലെന്ന സൂചനയും ഇറാൻ നൽകുന്നുണ്ട്. യു.എസുമായുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്നും ചില ചെറിയ കാര്യങ്ങളിൽ മാത്രമാണ് നിലവിൽ വിയോജിപ്പുകളുള്ളതെന്നും ഇറാന്റെ ചർച്ചാ സംഘത്തിലെ അംഗമായ സയീദ് അജോർലൂ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ധാരണാപത്രത്തിന്റെ അന്തിമ കരട് ഇരുപക്ഷവും അംഗീകരിക്കുകയാണെങ്കിൽ, പിന്നീട് വരാനിരിക്കുന്ന 60 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ കാലയളവിൽ മറ്റ് വിശദാംശങ്ങളെക്കുറിച്ച് കൂടുതൽ ചർച്ചകൾ നടത്തുമെന്നും അദ്ദേഹം ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു. ഇറാന്റെ ചീഫ് നെഗോഷ്യേറ്റർ മുഹമ്മദ് ബാഗേരി ഗാലിബാഫ് ഈ അഭിമുഖം തന്റെ ടെലിഗ്രാം ചാനലിലൂടെ പങ്കുവെച്ചിട്ടുണ്ട്. നയതന്ത്ര തലത്തിൽ ചർച്ചകൾ മുന്നോട്ട് പോകുമ്പോഴും ട്രംപിന്റെ കടുത്ത വ്യവസ്ഥകൾ ഇറാനിലെ ഭരണനേതൃത്വത്തെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നാണ് ഈ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.














