ബോസ്റ്റൺ: അമേരിക്കയിലെ ന്യൂ ഇംഗ്ലണ്ട് മേഖലയിലെ വിവിധ പ്രദേശങ്ങളിൽ ശനിയാഴ്ച ഉച്ചയ്ക്ക് കേട്ട ശക്തമായ സ്ഫോടന ശബ്ദത്തിനും ഭൂചലനത്തിന് സമാനമായ പ്രകമ്പനങ്ങൾക്കും കാരണം അന്തരീക്ഷത്തിൽ പൊട്ടിത്തെറിച്ച ഉൽക്കയാണെന്ന് നാസ സ്ഥിരീകരിച്ചു. ഉച്ചയ്ക്ക് 2.06ഓടെയാണ് ‘ഫയർബോൾ’ എന്നറിയപ്പെടുന്ന ഉൽക്ക ഭൂമിയുടെ അന്തരീക്ഷത്തിലൂടെ അതിവേഗത്തിൽ സഞ്ചരിച്ചത്. മണിക്കൂറിൽ ഏകദേശം 75,000 മൈൽ വേഗത്തിൽ സഞ്ചരിച്ച ഉൽക്ക മസാച്യുസെറ്റ്സിന്റെ വടക്കുകിഴക്കൻ ഭാഗത്തിനും ന്യൂ ഹാംഷെയറിന്റെ തെക്കുകിഴക്കൻ മേഖലയ്ക്കും മുകളിലൂടെ 40 മൈൽ ഉയരത്തിൽവെച്ച് പൊട്ടിത്തെറിച്ചതായാണ് നാസയുടെ കണ്ടെത്തൽ.
സ്ഫോടനത്തിൽ പുറത്തുവന്ന ഊർജ്ജം ഏകദേശം 300 ടൺ ടി.എൻ.ടി. സ്ഫോടനത്തിന് തുല്യമാണെന്ന് നാസ അറിയിച്ചു. ഇതാണ് പ്രദേശവാസികൾ കേട്ട വലിയ ശബ്ദത്തിനും പ്രകമ്പനങ്ങൾക്കും കാരണമായത്. നിലവിൽ സജീവമായിട്ടുള്ള ഏതെങ്കിലും ഉൽക്കാവർഷവുമായി ഈ സംഭവം ബന്ധപ്പെട്ടിട്ടില്ലെന്നും ഇത് സ്വാഭാവികമായി ബഹിരാകാശത്തിൽ നിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്നുവന്ന ഒരു വസ്തുവാണെന്നും നാസ വ്യക്തമാക്കി. ഉപഗ്രഹ അവശിഷ്ടങ്ങളോ മറ്റ് ബഹിരാകാശ മാലിന്യങ്ങളോ അല്ലെന്നും അധികൃതർ പറഞ്ഞു.
സംഭവത്തിന് പിന്നാലെ മസാച്യുസെറ്റ്സിന്റെ കിഴക്കൻ മേഖലകളിൽ നിന്നുള്ള നിരവധി പേർ ശക്തമായ പൊട്ടിത്തെറി ശബ്ദം കേട്ടതായി സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചു. ചിലർ വീടുകളും ജനലുകളും വിറച്ചതായി വിവരിച്ചു. വാട്ടർടൗൺ പൊലീസ് വകുപ്പും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സമാന പരാതികൾ ലഭിച്ചതായി അറിയിച്ചു. മസാച്യുസെറ്റ്സ് എക്സിക്യൂട്ടീവ് ഓഫീസ് ഓഫ് പബ്ലിക് സേഫ്റ്റി ആൻഡ് സെക്യൂരിറ്റിയും വലിയ ശബ്ദവും ഭൂമി കുലുങ്ങിയതുപോലുള്ള അനുഭവവും സംബന്ധിച്ച് നിരവധി റിപ്പോർട്ടുകൾ ലഭിച്ചതായി വ്യക്തമാക്കി.
എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യമോ പൊതുജന സുരക്ഷയ്ക്ക് ഭീഷണിയോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം, അമേരിക്കൻ ജിയോളജിക്കൽ സർവേ (USGS) പ്രാഥമിക അന്വേഷണത്തിൽ ഇത് അന്തരീക്ഷത്തിൽ പൊട്ടിത്തെറിച്ച ഒരു ‘ബൊലൈഡ്’ ഉൽക്ക മൂലമുണ്ടായ സോണിക് ബൂമാണെന്നാണ് വിലയിരുത്തൽ. ഭൂകമ്പങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തരം സോണിക് ബൂമുകൾ അന്തരീക്ഷത്തിലൂടെ നീളുന്ന പാതയിലാകെ രൂപപ്പെടുന്നതാണെന്നും യു.എസ്.ജി.എസ് വ്യക്തമാക്കി.
New England residents were rocked Saturday after a fast-moving meteor in the Earth’s atmosphere sent a loud boom that was heard in parts of the state.














