ട്രൂ ഫ്രണ്ട്‌സ്! അമേരിക്കയും പാകിസ്ഥാനും തമ്മിൽ ‘യഥാർത്ഥ സൗഹൃദം’ വളരുന്നു; മധ്യസ്ഥ ശ്രമങ്ങൾക്ക് ജനറൽ അസിം മുനീറിനും ഷെഹ്ബാസ് ഷെരീഫിനും യുഎസ് പ്രതിരോധ സെക്രട്ടറിയുടെ പ്രശംസ

സിംഗപ്പൂർ/വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ചർച്ചകളിൽ പാകിസ്ഥാൻ വഹിക്കുന്ന നിർണ്ണായക പങ്കിനെ പ്രകീർത്തിച്ച് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. വാഷിംഗ്ടണും ഇസ്ലാമാബാദും തമ്മിൽ നിലവിൽ ഒരു ‘യഥാർത്ഥ സൗഹൃദം’ രൂപപ്പെടുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. സിംഗപ്പൂരിൽ നടക്കുന്ന ‘ഷാങ്ഗ്രി-ലാ ഡയലോഗ്’ സുരക്ഷാ സമ്മേളനത്തിലെ പ്രസംഗത്തിന് ശേഷമുള്ള ചോദ്യോത്തര വേളയിലാണ് ഹെഗ്സെത്ത് ഇക്കാര്യം വ്യക്തമാക്കിയത്. സമ്മേളനത്തിന്റെ സംഘടകരായ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് ഈ വീഡിയോ പിന്നീട് യൂട്യൂബിൽ പുറത്തുവിട്ടു.

ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട സമാധാന ചർച്ചകളിൽ പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ ജനറൽ അസിം മുനീറും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും നൽകുന്ന നേതൃത്വത്തെയും പങ്കിനെയും ഹെഗ്സെത്ത് പ്രത്യേകം അഭിനന്ദിച്ചു. “അമേരിക്കയും പാകിസ്ഥാനും തമ്മിൽ തികച്ചും അപ്രതീക്ഷിതമായൊരു പുരോഗതിയും യഥാർത്ഥ സൗഹൃദവുമാണ് വികസിച്ചുവരുന്നത്,” ഹെഗ്സെത്ത് പറഞ്ഞു. കഴിഞ്ഞ വർഷം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഉണ്ടായ സൈനിക ഉരസലുകൾക്കിടയിൽ സമാധാനം സ്ഥാപിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ ഇടപെടലുകൾ ഈ ബന്ധം കൂടുതൽ ശക്തമാക്കാൻ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ധാർ വാഷിംഗ്ടണിൽ വെച്ച് യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ്, പാകിസ്ഥാനെയും അവിടുത്തെ ഭരണ-സൈനിക നേതൃത്വത്തെയും പ്രശംസിച്ചുകൊണ്ട് യു.എസ് പ്രതിരോധ സെക്രട്ടറിയുടെ ഈ സുപ്രധാന പ്രസ്താവന പുറത്തുവരുന്നത്.

More Stories from this section

family-dental
witywide