
ഷോളി കുമ്പിളുവേലി (പി.ആർ.ഒ, ഫോമാ )
ന്യൂയോർക് : മലയാളി ലോകത്തു എവിടെ ജീവിച്ചാലും കേരളവുമായുള്ള പൊക്കിൾക്കൊടി ബന്ധം നിലനിർത്തും എന്നുമാത്രമല്ല, നമ്മുടെ സംസ്കാരവും പൈതൃകവുമൊക്കെ പുതിയ തലമുറയെ പരിചയപ്പെടുത്തി കൊടുക്കുന്നതിലും, അങ്ങനെയൊരു ജീവിത ശൈലിയിൽ കുട്ടികളെ വളർത്തുന്നതിലും ഉൽസുകരാണ്. ഫോമാ, ആരംഭകാലം മുതൽ അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ പുതിയ തലമുറയെ കേരളവുമായി ബന്ധിപ്പിക്കുന്നതിനും, അവരെ നമ്മുടെ നാടും, സംസ്കാരവും, ജീവിത സാഹചര്യങ്ങളും പരിചയപ്പെടുത്തി കൊടുക്കുന്നതിനും വിവിധ പരിപാടികൾ നടത്തിവരുന്നു. അതിന്റെ ഒരു മികച്ച ഉദാഹരണമാണ് എല്ലാ വർഷവും നടത്താറുള്ള “സമ്മർ ടു കേരള” എന്ന കേരള യാത്രാ പരിപാടി.

മുൻ കാലങ്ങളിലെന്നപോലെ ഇക്കൊല്ലം ജൂൺ 26, 27 തീയതികളിൽ നടക്കുന്ന “സമ്മർ ടു കേരള” യിൽ ഇതിനോടകം ധാരാളം കുട്ടികൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. തങ്ങൾ വളർന്നു വന്ന നാടും വീടും ജീവിതസാഹചര്യങ്ങളും, സംസ്കാരവുമൊക്കെ കുട്ടികൾക്ക് മനസിലാക്കിക്കൊടുക്കണെമെന്നു മാതാപിതാക്കൾ ഇക്കാലത്തു കൂടുതലായി ആഗ്രഹിക്കുന്നുണ്ടെന്നും, അതുകൊണ്ടു സമ്മർ ടു കേരളയുടെ പ്രസക്തി വർദ്ധിച്ചുവരുന്നതായും ഫോമാ പ്രസിഡൻറ് ബേബി മണക്കുന്നേൽ പറഞ്ഞു.

ഇക്കൊല്ലത്തെ “സമ്മർ ടു കേരളയിൽ”നിരവധി പ്രോഗ്രാമുകൾ ഉൾപ്പെടുത്തിയിട്ടുള്ളതായി ചെയർ പേഴ്‌സൺ അനു സ്കറിയ, ഇവൻറ് കോർഡിനേറ്റർ രേഷ്മ രഞ്ജൻ, കോർഡിനേറ്റർ രാജേഷ് പുഷ്പരാജൻ എന്നിവർ പറഞ്ഞു. രാജ ഭരണ കാലത്തിൻറെ പ്രൗഢി വിളിച്ചോതുന്ന കവടിയാർ കൊട്ടാരം, ജനാധിപത്യത്തിൻറെ ശ്രീകോവിലായ നിയമസഭാ മന്ദിരവും ,കൂടാതെ മുഖ്യമന്ത്രിയേയും ഗർണ്ണറേയും നേരിൽ കണ്ടു സംവദിക്കുന്നതിനുള്ള അവസരവും കുട്ടികൾക്ക് ഉണ്ടാകും. നാസയെപ്പറ്റി കേട്ടിട്ടുള്ള കുട്ടികൾക്ക് ഭാരതത്തിൻറെ അഭിമാനമായ ഐ.എസ്.ആർ.ഓ സന്ദേർശിക്കുന്നതിനുള്ള അവസരവും നൽകും. അടുത്തകാലത്തു ഏറ്റവും അധികം ചർച്ചയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻറെ പ്രവർത്തനങ്ങൾ കാണുന്നതിനും കൂടാതെ വിഴിഞ്ഞം മൽസ്യ ബന്ധന ഗ്രാമങ്ങളും അവരുടെ ജീവിത സാഹചര്യങ്ങളും മനസിലാക്കുന്നതിനുള്ള അവസരവും കുട്ടികൾക്ക് ലഭിക്കും.
രണ്ടു ദിവസം നീണ്ടു നിൽക്കുന്ന “സമ്മർ ടു കേരള” യാത്ര ജൂൺ 26 നു കനകക്കുന്ന് കൊട്ടാരത്തിൽ നിന്നാരംഭിക്കും. ഉദ്‌ഘാടനത്തിനോടനുബന്ധിച്ചു ഭാരതത്തിൻറെ ദേശീയ പതാക ഉയർത്തലും ദേശീയ ഗാന ആലാപനവും ഉണ്ടാകും. ഇതിലെല്ലാം നമ്മുടെ കുട്ടികൾക്കും പങ്കെടുക്കാൻ സാധിക്കും.
കേരളത്തിന്റെ തനതായ കലാ രൂപങ്ങൾ കാണുന്നതിനും പരിചയപെടുന്നതിനുള്ള അവസരങ്ങളും കുട്ടികൾക്കു ഉണ്ടാകും. ഈ കേരള യാത്രയിൽ പങ്കെടുക്കുന്നതിനുവേണ്ട അവസരങ്ങൾ കുട്ടികൾക്ക് ഒരുക്കിക്കൊടുക്കാൻ മാതാപിതാക്കൾ മുന്നോട്ടുവരണമെന്ന് ഫോമാ ജനറൽ സെക്രട്ടറി ബൈജു വര്ഗീസ്, ട്രഷറർ സിജിൽ പാലക്കലോടി എന്നിവർ അഭ്യർഥിച്ചു.
സമ്മർ ടു കേരളക്ക് നേതൃത്വം നൽകുന്ന, ചെയർ പേഴ്‌സൺ അനു സ്കറിയ, ഇവൻറ് കോർഡിനേറ്റർ രേഷ്മ രഞ്ജൻ, കോർഡിനേറ്റർ രാജേഷ് പുഷ്പരാജൻ, യൂത്ത് ചെയർമാൻ എബിൻ എബ്രഹാം, യൂത്ത് വൈസ് പ്രസിഡന്റ് ആഗ്നസ് ബിജു, യൂത്ത് കോർഡിനേറ്റർമാരായ സിദ്ധാർഥ് ശ്രീധർ, ആൽബെർട്ട് പാലത്തിനാൽ എന്നിവരെ ഫോമാ വൈസ് പ്രസിഡൻറ് ഷാലൂ പുന്നൂസ്, ജോയിൻറ് സെക്രട്ടറി പോൾ ജോസ്, ജോയിൻറ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അഭിനന്ദിക്കുകയും ആശംസകൾ നേരുകയും ചെയ്തു.
Fomaa Summer to Kerala program for children