‘ഞാനും ഡൽഹിയിൽ അല്ലേ, ഞാനും യമുന ജലം കുടിക്കുന്നു’, കുടിവെള്ളത്തിൽ ബിജെപി വിഷം കലക്കി പരാമർശത്തിൽ കെജ്രിവാളിന് പ്രധാനമന്ത്രിയുടെ രൂക്ഷ വിമർശനം

ഡൽഹി: ഡൽഹിയിലേക്കുള്ള കുടിവെള്ളത്തിൽ ഹരിയനയിലെ ബിജെപി സർക്കാർ വിഷം കലർത്തിയെന്ന അരവിന്ദ് കെജ്രിവാളിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. താനും ഡൽഹിയിൽ ആണ് വസിക്കുന്നതെന്ന് ഓർമ്മിപ്പിച്ച പ്രധാനമന്ത്രി, യമുനയിൽ നിന്ന് ഡൽഹിയിലെത്തുന്ന കുടിവെള്ളം തന്നെയാണ് താനും കുടിക്കുന്നതെന്നും വിവരിച്ചു. പ്രധാനമന്ത്രി കുടിക്കുന്ന വെള്ളത്തിൽ ഹരിയാനയിലെ ബിജെപി സർക്കാർ വിഷം കലർത്തുന്നുവെന്ന് കരുതുന്നത് അസംബന്ധമാണെന്ന് ഡല്‍ഹിയിലെ കർത്താർ നഗറില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.

കെജ്രിവാളിൻ്റെ ആരോപണം ഡല്‍ഹിക്ക് മാത്രമല്ല രാജ്യത്തിനെയാകെ അവഹേളിക്കുന്നതാണെന്നും നരേന്ദ്ര മോദി കുറ്റപ്പെടുത്തി. സ്വന്തം പല്ലിട കുത്തി മണപ്പിക്കുന്ന കേജ്‌രിവാളും എഎപിയും തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭയം കാരണമാണ് ഇങ്ങനെയൊക്കെ പറയുന്നത്. ആശയ ദാരിദ്ര്യം കൊണ്ടാണ് ഹരിയാനയിലെ ജനങ്ങളെ ഡല്‍ഹി മുൻ മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നത്. ഹരിയാനയില്‍ നിന്നുള്ളവർക്ക് ഡല്‍ഹിയില്‍ താമസിക്കുന്നവരോട് എന്താണ് ശത്രുത. ഇരു സംസ്ഥാനത്തിലെ ജനങ്ങളെ എന്തിനാണ് ഇങ്ങനെ ഭിന്നിപ്പിക്കുന്നത് തെന്നും മോദി ചോദിച്ചു.

‘ഹരിയാന നല്‍കുന്ന യമുന ജലം ഞാനടക്കം ഡല്‍ഹിയില്‍ താമസിക്കുന്ന എല്ലാവരും ഉപയോഗിക്കുന്നുണ്ട്. ജഡ്ജിമാരും നയതന്ത്രജ്ഞരും പാവപ്പെട്ടവരും യമുന ജലം കുടിക്കുന്നു. ഹരിയാനയില്‍ ഉള്ളവർ മോദിയെ കൊല്ലാൻ വിഷം കലർത്തുമെന്ന് ഒരാള്‍ക്ക് എങ്ങനെ ചിന്തിക്കാനാകും’ – പ്രധാനമന്ത്രി ചോദിച്ചു.

ഡല്‍ഹിയില്‍ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പിച്ച്‌ പറഞ്ഞ പ്രധാനമന്ത്രി എഎപി സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. അവരുടെ വ്യാജ വാഗ്ദാനങ്ങള്‍ ഇക്കുറി ഡല്‍ഹിയിലെ ജനങ്ങള്‍ അവഗണിക്കുമെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസും എഎപിയും തമ്മില്‍ രഹസ്യധാരണയുണ്ട്. എഎപി 11 വർഷവും കോണ്‍ഗ്രസ് 15 വർഷവും ഭരിച്ചിട്ടും ഡല്‍ഹിയിലെ പ്രശ്നങ്ങള്‍ ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

More Stories from this section

family-dental
witywide