
വാഷിംഗ്ടൺ: യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ വിശ്വസ്തയും പേഴ്സണൽ അസിസ്റ്റൻ്റുമായ നതാലി ഹാർപ്പിനെ കേന്ദ്രീകരിച്ച് അമേരിക്കൻ രാഷ്ട്രീയത്തിൽ പുതിയ വിവാദം പുകയുന്നു. തുർക്കിയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം ഉയർന്ന കടുത്ത സുരക്ഷാ ഭീഷണിക്കിടെ, അതീവ രഹസ്യമായി നടത്തിയ വിമാനയാത്രയിൽ ട്രംപ് നതാലിയെ ഒപ്പം കൂട്ടിയതാണ് പ്രതിപക്ഷത്തിൻ്റെ വിമർശനത്തിന് കാരണമായിരിക്കുന്നത്.
ആരാണ് നതാലി ഹാർപ്പ്?
കാലിഫോർണിയ സ്വദേശിയായ നതാലി ഹാർപ്പ്, അസ്ഥിയിലെ ക്യാൻസർ ബാധിച്ചതിനെത്തുടർന്ന് കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന വ്യക്തിയാണ്. 2019-ൽ ഫോക്സ് ന്യൂസ് ചാനലിൽ പ്രത്യക്ഷപ്പെട്ട്, ട്രംപ് കൊണ്ടുവന്ന ‘റൈറ്റ് ടു ട്രൈ’ എന്ന ആരോഗ്യ നിയമമാണ് തൻ്റെ ജീവൻ രക്ഷിച്ചതെന്ന് നതാലി വെളിപ്പെടുത്തിയിരുന്നു. ഈ പ്രസ്താവനയിലൂടെ ട്രംപിൻ്റെ ശ്രദ്ധ പിടിച്ചുപറ്റിയ നതാലി, 2020-ലെ റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിലും പ്രസംഗിച്ചു. പിന്നീട് മാധ്യമപ്രവർത്തകയായി ജോലി ചെയ്ത ശേഷം 2022-ലാണ് ട്രംപിൻ്റെ ഔദ്യോഗിക ജീവനക്കാരിയായി മാറിയത്.
‘ഹ്യൂമൻ പ്രിന്റർ’ മുതൽ ‘കംഫർട്ട് ബ്ലാങ്കറ്റ്’ വരെ

ട്രംപിൻ്റെ നിഴലായി എപ്പോഴും ഒപ്പമുണ്ടാകാറുള്ള നതാലിക്ക് വിചിത്രമായ ചില ചുമതലകളാണുള്ളത്. ട്രംപിന് വായിക്കാനായി എപ്പോഴും വാർത്തകളും ലേഖനങ്ങളും പ്രിൻ്റ് ചെയ്ത് നൽകാൻ ഒരു ലാപ്ടോപ്പും പ്രിൻ്ററും ഇവർ കൂടെ കരുതാറുണ്ട്. ഇതുകൊണ്ടാണ് ട്രംപിൻ്റെ അണികൾക്കിടയിൽ നതാലി ‘ഹ്യൂമൻ പ്രിൻ്റർ’ എന്നറിയപ്പെടുന്നത്. കൂടാതെ, ട്രംപിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ കൈകാര്യം ചെയ്യുന്നതും ഇവരാണ്.
കഴിഞ്ഞ ദിവസം തുർക്കിയിൽ വെച്ച് ഇറാൻ ഭരണകൂടത്തിൽ നിന്നുള്ള വധഭീഷണിയെത്തുടർന്ന് ട്രംപിനെ ‘എയർഫോഴ്സ് വൺ’ വിമാനത്തിൽ നിന്ന് മറ്റൊരു രഹസ്യ വിമാനത്തിലേക്ക് മാറ്റിയിരുന്നു. മുതിർന്ന ഉദ്യോഗസ്ഥരെയും മാധ്യമപ്രവർത്തകരെയും ഒഴിവാക്കിയ ഈ യാത്രയിൽ നതാലി ഹാർപ്പ് ട്രംപിനൊപ്പം ഉണ്ടായിരുന്നു. ട്രംപിന് മാനസികമായ പിന്തുണയും ആശ്വാസവും നൽകുന്ന ആളായതിനാലാണ്, അതായത് ഒരു കൊച്ചുകുഞ്ഞിന് അതിൻ്റെ പ്രിയപ്പെട്ട കമ്പിളിപ്പുതപ്പ് നൽകുന്നതുപോലയാണ് നതാലിയെ കൂടെക്കൂട്ടിയതെന്ന് പ്രശസ്ത മാധ്യമപ്രവർത്തക മാഗി ഹേബർമാൻ പ്രതികരിച്ചിരുന്നു. ഇതോടെ നതാലിക്ക് ‘കംഫർട്ട് ബ്ലാങ്കറ്റ്’ എന്ന പുതിയ വിശേഷണം കൂടി മാധ്യമങ്ങൾ നൽകി.
രൂക്ഷമായ രാഷ്ട്രീയ വിമർശനം
അതേസമയം, പ്രസിഡൻ്റിൻ്റെ ഈ നടപടിയെ പരിഹസിച്ച് ഡെമോക്രാറ്റിക് സെനറ്റർ ജോൺ ഒസോഫ് രംഗത്തെത്തി. രാജ്യം പ്രതിസന്ധി നേരിടുമ്പോൾ പ്രസിഡൻ്റ് തൻ്റെ ഔദ്യോഗിക ചുമതലകൾ മറന്ന് നതാലിയോടൊപ്പം സുരക്ഷിതമല്ലാത്ത വിമാനങ്ങളിൽ കറങ്ങുകയായിരുന്നെന്ന് ഒസോഫ് ആരോപിച്ചു. എന്നാൽ ഒസോഫിനെ ‘പീ-വീ ഹെർമൻ’ (ഒരു ഹാസ്യ കഥാപാത്രം) എന്ന് വിളിച്ച് ട്രംപ് ഈ ആക്ഷേപത്തെ തള്ളിക്കളഞ്ഞു.
അതേസമയം, നതാലിയുമായി അകൽച്ചയിലുള്ള അവരുടെ സഹോദരൻ പ്രെസ്റ്റൺ ഹാർപ്പും ഈ ബന്ധത്തെ വിമർശിച്ചു. ട്രംപും നതാലിയും തമ്മിലുള്ളത് തികച്ചും “അനാരോഗ്യകരമായ” ഒരു ബന്ധമാണെന്നാണ് പ്രെസ്റ്റൺ വിശേഷിപ്പിച്ചത്. ഒരു സഹോദരി എന്ന നിലയിൽ അവൾ എന്തിനാണ് ട്രംപിനെപ്പോലെ ഒരാളോട് ഇത്രയധികം വിധേയത്വം കാണിക്കുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ട്രംപിൽ അവൾ ഒരു ‘ഫാദർ ഫിഗർ’ അല്ലെങ്കിൽ പിതൃതുല്യനായ വ്യക്തിയെയാണ് കാണുന്നത്. അമേരിക്കൻ അസാധാരണത്വത്തെയും അതിൻ്റെ സിദ്ധാന്തങ്ങളെയും പൂർണ്ണമായി ഉൾക്കൊള്ളുന്ന ആളെന്ന നിലയിലാണ് നതാലി ട്രംപിനെ ഈ സ്ഥാനത്ത് കാണുന്നതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. മാത്രമല്ല, നതാലി ഒരു എക്സിക്യൂട്ടീവ് അസിസ്റ്റൻ്റ് എന്നതിലുപരി കേവലം “ട്രംപിൻ്റെ ഒരു ഫാൻ ക്ലബ്ബ്” പോലെയാണ് പ്രവർത്തിക്കുന്നതെന്നും പ്രെസ്റ്റൺ പരിഹസിച്ചു. ട്രംപിനെ ഒരു ‘ദേശീയ നാണക്കേട്’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
എന്തായാലും ട്രംപിൻ്റെ അടുപ്പക്കാരുടെ ഇടയിലേക്ക് വളരെ പെട്ടെന്ന് നതാലി ഹാർപ്പ് ഉയർന്നുവന്നത് വരും ദിവസങ്ങളിലും യുഎസ് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പാണ്.
A major controversy in US politics over Natalie, who was on the plane Trump flew over Iran, sparked a major controversy.















