
വാഷിങ്ടന്‍: റഷ്യയില്‍ നിന്നും എണ്ണവാങ്ങി യുക്രെയ്ന്‍ യുദ്ധത്തില്‍ സഹായിക്കുന്നുവെന്ന് ആരോപിച്ച് അമേരിക്ക ഇന്ത്യക്ക് അടിച്ചേല്‍പ്പിച്ച അധിക തീരുവയ്‌ക്കെതിരെ നയതന്ത്ര വിദഗ്ധനും ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ എഡ്വേഡ് പ്രൈസ്. ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ തീരുവ പൂര്‍ണമായും നീക്കം ചെയ്യണമെന്ന് അദ്ദേഹം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടു. മാത്രമല്ല, ഇന്ത്യയോട് മാപ്പു പറയണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.
യുഎസ്, റഷ്യ, ചൈന എന്നിവരുമായുള്ള ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മിടുക്കുകാട്ടിയെന്നും 21-ാം നൂറ്റാണ്ടിനെ രൂപപ്പെടുത്തുന്നതില്‍ ഇന്ത്യയ്ക്ക് വളരെ നിര്‍ണായക പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൈനയുമായും റഷ്യയുമായും ഏറ്റുമുട്ടുന്ന സമയത്ത് എന്തിനാണ് ട്രംപ് ഇന്ത്യയ്ക്കു മേല്‍ 50 ശതമാനം തീരുവ ചുമത്തിയതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.