ഇന്ത്യ-യുഎസ് തീരുവ സംഘര്‍ഷം; സുപ്രധാന ചുവടുവയ്പ്പിലേക്ക് ഇരു രാജ്യങ്ങളും, മോദിയും ട്രംപും ചർച്ചയ്ക്കൊരുങ്ങുന്നു

ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് തീരുവ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പിലേക്ക് ഇരു രാജ്യങ്ങളും നീങ്ങുന്നതായി സൂചന. ഇന്ത്യയിലെയും യുഎസിലെയും ടീമുകള്‍ വ്യാപാര ചര്‍ച്ചകള്‍ എത്രയും വേഗം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച പറഞ്ഞു. എക്സിലെ വ്യാപാര ചര്‍ച്ചകളെക്കുറിച്ചുള്ള ഡോണള്‍ഡ് ട്രംപിന്റെ പോസ്റ്റിന് മറുപടിയായി, യുഎസ് പ്രസിഡന്റുമായി സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധത്തിലെ തടസ്സങ്ങള്‍ നീക്കാന്‍ ചര്‍ച്ചകള്‍ തുടരുമെന്നും പ്രധാനമന്ത്രി മോദിയുമായി അടുത്ത ആഴ്ചകളില്‍ സംസാരിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മില്‍ നല്ല ബന്ധമാണുള്ളതെന്നും ട്രംപ് പറഞ്ഞതോടെ മഞ്ഞുരുകുന്നുവെന്ന് സൂചന ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ‘ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമാണെന്ന് മോദി പ്രതികരിച്ചത്. ‘ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകള്‍ തുറക്കുന്നതിന് ഞങ്ങളുടെ വ്യാപാര ചര്‍ച്ചകള്‍ വഴിയൊരുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ചര്‍ച്ചകള്‍ എത്രയും വേഗം അവസാനിപ്പിക്കാന്‍ ഞങ്ങളുടെ ടീമുകള്‍ പ്രവര്‍ത്തിക്കുന്നു,’ പ്രധാനമന്ത്രി മോദി എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. ‘പ്രസിഡന്റ് ട്രംപുമായി സംസാരിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. ഇരുകൂട്ടര്‍ക്കും കൂടുതല്‍ തിളക്കമാര്‍ന്നതും സമൃദ്ധവുമായ ഒരു ഭാവി ഉറപ്പാക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും.’- മോദി കൂട്ടിച്ചേര്‍ത്തു.

ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരേ ഇന്ത്യക്കെതിരെ വിമര്‍ശനം തുടരുന്നതിനിടെയാണ് ട്രംപിന്റെയും മോദിയുടേയും പ്രതികരണം വരുന്നത്. ഇന്ത്യയും അമേരിക്കയും തമ്മില്‍ വളരെ നല്ല ബന്ധമാണുള്ളതെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. പ്രധാനമന്ത്രി മോദി മികച്ച നേതാവാണ്. അദ്ദേഹവുമായി എപ്പോഴും നല്ല സൗഹൃദബന്ധം ഉണ്ടാകും. ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാം. അതില്‍ ആരും വിഷമിക്കേണ്ടതില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് ട്രംപ് പ്രഖ്യാപിക്കുന്നതിനിടെ റഷ്യയില്‍ നിന്നുള്ള എണ്ണ വ്യാപാരത്തിന് ഇന്ത്യയ്ക്ക് പിഴ ചുമത്താന്‍ യൂറോപ്യന്‍ യൂണിയനോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ കാര്യത്തില്‍ രണ്ട് നിലപാടുകളാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തം. യുണൈറ്റഡ് സ്റ്റേറ്റ്‌സും യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള ചര്‍ച്ചകളില്‍ പങ്കെടുത്ത ട്രംപ്, ചൈന, ഇന്ത്യ തുടങ്ങിയ എണ്ണ വാങ്ങുന്നവര്‍ക്ക് 50 ശതമാനം മുതല്‍ 100 ശതമാനം വരെ തീരുവ ചുമത്താനുള്ള സാധ്യതയാണ് ഉയര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്.

More Stories from this section

family-dental
witywide