ഇറാൻ ഭരണകൂടത്തെ ഇല്ലാതാക്കുമെന്ന ഭീഷണിയുമായി നെതന്യാഹു, യുദ്ധസാഹചര്യം വിലയിരുത്തി ഇറാൻ പരമോന്നത നേതാവ്; പശ്ചിമേഷ്യയിൽ പിരിമുറുക്കം

ഇറാൻ ആണവയുധം സ്വന്തമാക്കാൻ ശ്രമിക്കുന്നുവെന്നും ‘മരണത്തിന്റെ ബോംബ്’ കൈക്കലാക്കാൻ തീവ്രശ്രമം നടത്തുകയാണെന്നും ആരോപിച്ചുകൊണ്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത്. ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കുക മാത്രമാണ് ഇതിനുള്ള ഏക പരിഹാരമെന്നും, അമേരിക്കയുടെ സഹായത്തോടെ ഇത് നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പശ്ചിമേഷ്യയിലെ രൂക്ഷമായ യുദ്ധസാഹചര്യം ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനേയി നേരിട്ട് വിലയിരുത്തി. ഇറാൻ പാർലമെന്റ് സ്പീക്കറുമായി ചർച്ച നടത്തിയ അദ്ദേഹം, രാജ്യത്തിന്റെ സൈനിക ശക്തിക്കൊപ്പം സാമൂഹിക കെട്ടുറപ്പും ശക്തമാക്കണമെന്ന് കർശന നിർദേശം നൽകി.

ഇതിനിടയിൽ, പശ്ചിമേഷ്യയിൽ സമാധാന നീക്കങ്ങളുടെ ഭാഗമായി അമേരിക്കയുടെ സന്ദേശവുമായെത്തിയ പാകിസ്ഥാൻ സേനാ മേധാവി അസിം മുനീറിനെ ഇറാൻ അപമാനിച്ചു മടക്കി അയച്ചു. അമേരിക്കയ്ക്ക് കൈമാറാൻ യാതൊരു സന്ദേശവുമില്ലെന്ന് വ്യക്തമാക്കിയാണ് ഇറാൻ പാക് മേധാവിയെ മടക്കിയത്. അമേരിക്കയെ വിശ്വാസമില്ലെന്നും, ഇറാൻ മുന്നോട്ടുവെച്ച ഏഴ് ഉപാധികൾ അംഗീകരിക്കുക മാത്രമാണ് ഏക വഴിയെന്നുമാണ് ടെഹ്‌റാന്റെ നിലപാട്. ഈ ഉപാധികൾ നടപ്പിലാക്കി വിശ്വാസ്യത ഉറപ്പാക്കിയ ശേഷം മാത്രമേ തുടർചർച്ചകൾ സാധ്യമാകൂ എന്നും ഇറാൻ വ്യക്തമാക്കി. ഈ സംഭവത്തോടെ പശ്ചിമേഷ്യൻ സംഘർഷത്തിലെ മധ്യസ്ഥ നീക്കങ്ങൾ പുതിയ പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ്.

റഷ്യൻ വിദേശകാര്യമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ അമേരിക്കയുമായി സമവായ ഫോർമുല മുന്നോട്ടുവെച്ചാണ് അസിം മുനീർ ടെഹ്‌റാനിലെത്തിയത്. എന്നാൽ ഇറാൻ കടുത്ത നിലപാട് സ്വീകരിച്ചതോടെ സന്ദർശനം പൂർണ്ണമായും പരാജയപ്പെട്ടു. യുറേനിയത്തിന്റെ ഒരു കണിക പോലും രാജ്യം വിട്ടുപോകില്ലെന്ന് ആവർത്തിച്ച ഇറാൻ, ഇത് തങ്ങൾ സൂക്ഷിച്ചുകൊള്ളാമെന്ന റഷ്യയുടെ സമവായ നിർദേശവും തള്ളിക്കളഞ്ഞു. കൂടാതെ, ഇറാൻ-പാകിസ്ഥാൻ വ്യാപാര അതിർത്തികൾ അടച്ചിട്ടതും റൂട്ടുകൾ തുറക്കാൻ പാകിസ്ഥാൻ വൈകിയതും ഇറാനെ ചൊടിപ്പിച്ചിരുന്നു. പാക് മേധാവിയുമായുള്ള കൂടിക്കാഴ്ചയിൽ ഇറാൻ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയുടെ ശരീരഭാഷയിലും ഈ രോഷം വ്യക്തമായി പ്രകടമായിരുന്നു.

അമേരിക്ക ഉപരോധങ്ങളിൽ ഇളവുകൾ വരുത്തിയാൽ മാത്രമേ ചർച്ചകൾ മുന്നോട്ട് പോകൂ എന്നതാണ് ഇറാന്റെ പ്രധാന വ്യവസ്ഥ. മരവിപ്പിച്ച സ്വത്തുക്കൾ തിരികെ നൽകുക, നാവിക ഉപരോധം പിൻവലിക്കുക, സാമ്പത്തിക ഉപരോധങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കുക തുടങ്ങിയ കടുത്ത ഉപാധികളാണ് ഇറാൻ അമേരിക്കയ്ക്ക് മുന്നിൽ വെച്ചിരിക്കുന്നത്. ഇറാനുമായുള്ള മധ്യസ്ഥശ്രമങ്ങളിൽ പരാജയപ്പെട്ടത് വഴി പരോക്ഷമായി ഇറാന്റെ രോഷത്തിന്റെ ചൂട് അറിയേണ്ടി വന്നിരിക്കുന്നത് പാകിസ്ഥാനാണ്. മേഖലയിലെ സംഘർഷാവസ്ഥ ദിവസേനയെന്നോണം കൂടുതൽ സങ്കീർണ്ണമായി മാറിക്കൊണ്ടിരിക്കുകയാണ്.

Israel Vows to Topple Iranian Regime; Supreme Leader Mujtaba Khamenei Reviews War Situation Amid Failed Mediation by Pakistan

More Stories from this section

family-dental
witywide