3,600 ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ നിയമനങ്ങള്‍ നടത്താന്‍ മെറ്റ, മോശം പ്രകടനമെന്ന് സക്കര്‍ബര്‍ഗിന്റെ വിശദീകരണം

സാന്‍ ഫ്രാന്‍സിസ്‌കോ: മോശം പ്രകടനം കാഴ്ചവയ്ക്കുന്നുവെന്ന് കണ്ടെത്തിയ ഏകദേശം 3,600 ജീവനക്കാരെ പിരിച്ചുവിട്ട് പകരം പുതിയവരെ നിയമിക്കാന്‍ മെറ്റ പദ്ധതിയിടുന്നു. ബ്ലൂംബെര്‍ഗ് ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെതാണ് തീരുമാനം. ഇത് തങ്ങളുടെ അഞ്ച് ശതമാനം ജീവനക്കാരെ ബാധിക്കുമെന്ന് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയുടെ ഉടമസ്ഥതയിലുള്ള മെറ്റ സ്ഥിരീകരിച്ചിട്ടുണ്ട്.

‘പെര്‍ഫോമന്‍സ് മാനേജ്മെന്റിലെ ബാര്‍ ഉയര്‍ത്താനും മോശം പ്രകടനം കാഴ്ചവയ്ക്കുന്നവരെ വേഗത്തില്‍ പുറത്താക്കാനും ഞാന്‍ തീരുമാനിച്ചുവെന്നാണ്’ സക്കര്‍ബര്‍ഗിന്റെ വിശദീകരണം. പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള വെട്ടിമാറ്റലുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തുന്നതിലൂടെ കമ്പനിക്ക്, കഴിവുള്ളവരെ നിലനിര്‍ത്താനും പുതിയ ആളുകളെ കൊണ്ടുവരാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മെറ്റമാത്രമല്ല ആഗോള കമ്പനികള്‍ മിക്കതും ഇത്തരത്തില്‍ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പിരിച്ചുവിടലുകള്‍ നടത്താറുണ്ട്. മൈക്രോസോഫ്റ്റ് കഴിഞ്ഞ ആഴ്ച സമാനമായ പിരിച്ചുവിടലുകള്‍ നടത്തിയിരുന്നു. അതേസമയം, ജനുവരി 20 ന് ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറുന്നതിന് മുന്നോടിയായി മെറ്റയില്‍ വ്യാപകമായ മാറ്റങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് പിരിച്ചുവിടലുകളെന്നും റിപ്പോര്‍ട്ടുണ്ട്.

More Stories from this section

family-dental
witywide