മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; ആറ്റിങ്ങൽ സ്വദേശി അറസ്റ്റിൽ, പ്രശസ്തനാകണമെന്ന് മൊഴി

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി വി. ഡി. സതീശനും കുടുംബത്തിനും നേരെ ഫോണിലൂടെ വധഭീഷണി മുഴക്കിയ പ്രതിയെ കൻ്റോൺമെൻ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ വാളക്കാട് ചരുവിള വീട്ടിൽ സോണി തോമസ് (ടോണി) ആണ് പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച വൈകുന്നേരം 6:50 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം സിറ്റി ഡിസ്ട്രിക്ട് പൊലീസ് കമാൻഡിംഗ് സെൻ്ററിലെ ഔദ്യോഗിക ഫോൺ നമ്പരിലേക്ക് വിളിച്ചാണ് പ്രതി ഭീഷണി മുഴക്കിയത്. പലതവണ വിളിച്ച പ്രതി മുഖ്യമന്ത്രിയെയും കുടുംബത്തെയും വധിക്കുമെന്ന് ആവർത്തിച്ചു.

മുഖ്യമന്ത്രിയെയും കുടുംബത്തെയും കൊലപ്പെടുത്തി തനിക്ക് ‘പ്രശസ്തനാകണം’ എന്നായിരുന്നു പ്രതി ഫോണിലൂടെ പൊലീസിനോട് പറഞ്ഞത്. വി. ഡി. സതീശനെ തനിക്ക് വ്യക്തിപരമായി ഇഷ്ടമല്ലെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ചീത്തവിളിച്ചുകൊണ്ട് പ്രതി വെല്ലുവിളിച്ചു. മുഖ്യമന്ത്രിക്ക് നിലവിൽ നൽകിയിരിക്കുന്ന സുരക്ഷ മതിയോ എന്നും ഇയാൾ ചോദിച്ചതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.

കോൾ വരുന്ന സമയത്ത് പ്രതി കടുത്ത മദ്യലഹരിയിലായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായും പൊലീസ് സംശയിക്കുന്നുണ്ട്. മുൻപും ഇയാൾക്കെതിരെ പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കമാൻഡിംഗ് സെന്റർ ഡ്യൂട്ടി ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത വകുപ്പുകൾ പ്രകാരമാണ് കൻ്റോൺമെൻ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് സൈബർ സെല്ലിൻ്റെ സഹായത്തോടെ മൊബൈൽ ലൊക്കേഷൻ കണ്ടെത്തുകയും ശനിയാഴ്ച രാവിലെയോടെ ആറ്റിങ്ങലിൽ വെച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Death threats to Chief Minister and family; Attingal native arrested, says he wants to become famous

More Stories from this section

family-dental
witywide