
വാഷിംഗ്ടൺ: അന്താരാഷ്ട്ര തലത്തിൽ ഭീതി പരത്തുന്ന വെനസ്വേലൻ ക്രിമിനൽ-ഭീകര സംഘടനയായ ‘ട്രെൻ ഡി അരാഗ്വ’യുടെ പരമോന്നത തലവൻ ഹെക്ടർ റുസ്തൻഫോർഡ് ഗ്വെരേറോ ഫ്‌ലോറസ് കൊല്ലപ്പെട്ടു. യുഎസ് സൈന്യം നടത്തിയ മാരകമായ വ്യോമാക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ‘നിനോ ഗ്വെരേറോ’ എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾക്കായുള്ള തിരച്ചിലിലായിരുന്നു അന്താരാഷ്ട്ര സുരക്ഷാ ഏജൻസികൾ.
വെനസ്വേലയിലെ ഭീകരരുടെ താവളത്തിന് നേരെ യുഎസ് സതേൺ കമാൻഡ് ആണ് വ്യോമാക്രമണം നടത്തിയത്. വെനസ്വേലൻ സുരക്ഷാ സേനയുമായി പൂർണ്ണമായി ഏകോപിപ്പിച്ചായിരുന്നു യുഎസ് സൈന്യത്തിന്റെ ഈ സംയുക്ത നീക്കം. അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ച ട്രെൻ ഡി അരാഗ്വയ്ക്ക് ഏൽപ്പിച്ച ഏറ്റവും വലിയ പ്രഹരമാണിത്.
മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത്, കൊലപാതകം, പണം തട്ടൽ തുടങ്ങി അതിക്രമങ്ങൾ നിറഞ്ഞ അന്താരാഷ്ട്ര കുറ്റകൃത്യങ്ങളുടെ ആസൂത്രകനായിരുന്നു നിനോ ഗ്വെരേറോ എന്ന് യുഎസ് അധികൃതർ വ്യക്തമാക്കി. ‘ഭീകരർക്ക് ഇനി വെനസ്വേലയിലോ ലോകത്തിൻ്റെ മറ്റേതെങ്കിലും കോണിലോ സുരക്ഷിത താവളങ്ങൾ ഉണ്ടാകില്ല’ എന്ന് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി പ്രതികരിച്ചു.
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും അമേരിക്കയിലും വലിയ സുരക്ഷാ ഭീഷണിയുയർത്തിയ ഈ ക്രിമിനൽ ശൃംഖലയുടെ തലവൻ്റെ മരണം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.
US airstrike kills Venezuelan terrorist group ‘Tren de Aragua’ leader; Donald Trump confirms















