
കൊളംബോ: സർക്കാർ പണവും വിഭവങ്ങളും വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചെന്ന കേസിൽ ശ്രീലങ്ക മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെക്ക് കൊളംബോ ഫോർട്ട് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. 2023 സെപ്റ്റംബറിൽ പ്രസിഡന്റായിരിക്കെ ഹവാനയിലെ G77 ഉച്ചകോടിക്ക് ശേഷം ലണ്ടനിൽ തങ്ങിയ വിക്രമസിംഗെ, ഭാര്യ മൈത്രിയോടൊപ്പം വോൾവർഹാംപ്റ്റൺ സർവകലാശാലയിലെ ചടങ്ങിൽ പങ്കെടുത്തു. ഈ യാത്രയിൽ ഭാര്യയുടെ ചെലവുകൾ സർക്കാർ ഫണ്ടിൽ നിന്ന് വഹിച്ചെന്നാണ് ആരോപണം. എന്നാൽ, ഭാര്യയുടെ ചെലവുകൾ സ്വന്തമായി വഹിച്ചതാണെന്നും സർക്കാർ ഫണ്ട് ഉപയോഗിച്ചിട്ടില്ലെന്നുമാണ് വിക്രമസിംഗെയുടെ വാദം. കഴിഞ്ഞ വെള്ളിയാഴ്ച പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്റ് (CID) അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.
കൊളംബോ നാഷണൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന വിക്രമസിംഗെ, സൂം വഴിയാണ് കോടതി നടപടികളിൽ പങ്കെടുത്തത്. കോടതി അധ്യക്ഷയായ മജിസ്‌ട്രേറ്റ് നിലുപുലി ലങ്കാപുര വാദങ്ങൾ കേട്ട ശേഷം ജാമ്യം അനുവദിക്കുകയായിരുന്നു. സ്വകാര്യ യാത്രയ്ക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കുമായി സർക്കാർ പണം ദുരുപയോഗം ചെയ്തുവെന്നാണ് CID-യുടെ ആരോപണം. മൊഴി നൽകാനെത്തിയപ്പോഴാണ് വിക്രമസിംഗെയെ അറസ്റ്റ് ചെയ്തത്. കേസ് പരിഗണിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. സർക്കാരിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ഇന്ന് നടത്തിയത്.