
വാഷിങ്ടണ്‍ : ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഒരു പ്രവചനവും അതിനെചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും കൊഴുക്കുകയാണ്. അഞ്ചുവര്‍ഷത്തിനുള്ളില്‍ അല്ലെങ്കില്‍ പരമാവധി 10 വര്‍ഷത്തിനുള്ളില്‍ ഒരു യുദ്ധമുണ്ടാകാന്‍ പോകുന്നുവെന്നായിരുന്നു മസ്‌കിന്റെ പ്രവചനം. മസ്‌ക് എക്‌സില്‍ ഒരാള്‍ ഷെയര്‍ ചെയ്ത ഒരു പോസ്റ്റിലെ കമന്റായാണ് ഈ പ്രവചനം നടത്തിയത്. ‘യുദ്ധം അനിവാര്യമാണ്. 5 വര്‍ഷം, പരമാവധി 10 വര്‍ഷം’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഇതിന് കൂടുതല്‍ വിശദീകരണങ്ങളൊന്നും അദ്ദേഹം നല്‍കിയില്ല.
മസ്‌കിന്റെ ഈ മുന്നറിയിപ്പിന് പിന്നിലെ കാരണം കണ്ടെത്താന്‍ ശ്രമിക്കുകയാണ് സോഷ്യല്‍ മീഡിയ. പ്രതിഭാശാലിയെന്ന് അറിയപ്പെടുമ്പോഴും ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മസ്‌ക് എപ്പോഴും മിടുക്ക് കാണിച്ചിട്ടുണ്ടെന്നും ഇതിനെയും അങ്ങനെ കണ്ടാല്‍മതിയെന്നുമാണ് ചിലര്‍ പറയുന്നത്. എന്നാല്‍, അങ്ങനെയല്ല, അദ്ദേഹത്തിന്റെ പ്രവചനത്തിനു പിന്നില്‍ ചില കാരണങ്ങളുണ്ടെന്ന് മറ്റു ചിലര്‍ വാദിക്കുന്നു.
ആണവ പ്രതിരോധം ആഗോള ഭരണത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു ചര്‍ച്ചയ്ക്ക് മറുപടിയായാണ് മസ്‌ക് ഈ പ്രസ്താവന നടത്തിയത്. ‘സര്‍ക്കാരുകള്‍ ഇപ്പോള്‍ മോശമായി പെരുമാറുന്നു. കാരണം ആണവായുധങ്ങള്‍ പ്രധാന ശക്തികള്‍ക്കിടയില്‍ യുദ്ധം തടയുന്നു. ആണവായുധത്തിന്റെ സാന്നിധ്യം യുദ്ധത്തിന്റെ വിശ്വാസ്യതയുള്ള ഒരു യുദ്ധ ഭീഷണിയെ പോലും ഇല്ലാതാക്കുന്നു. അതിനാല്‍ സര്‍ക്കാരുകള്‍ മോശമാകാതിരിക്കാന്‍ യാതൊരു ബാഹ്യ സമ്മര്‍ദ്ദവുമില്ല,’ എന്നായിരുന്നു ഹണ്ടര്‍ ആഷ് എന്ന ഉപയോക്താവ് എക്‌സില്‍ കുറിച്ചത്. ഇതിന് മറുപടിയായാണ് യുദ്ധം അനിവാര്യമാണെന്ന മസ്‌കിന്റെ മറുപടി വന്നത്.
Musk’s prediction on world war sparks huge debate















