
വാഷിംഗ്ടണ്‍: ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെ തിങ്കളാഴ്ച വൈറ്റ് ഹൗസിലെത്തി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയ നെതന്യാഹുവിനോട് ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു.
”യുദ്ധം അവസാനിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, യുദ്ധം എപ്പോഴെങ്കിലും അവസാനിക്കുമെന്ന് ഞാന്‍ കരുതുന്നു, അത് വളരെ വിദൂര ഭാവിയിലായിരിക്കില്ല,” ഗാസയിലെ യുദ്ധം അവസാനിപ്പിക്കുമെന്ന തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വാഗ്ദാനം പാലിക്കുമോ എന്ന് ചോദിച്ചപ്പോള്‍ ട്രംപിന്റെ മറുപടി ഇതായിരുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മാത്രമല്ല, ഹമാസ് തടവിലാക്കിയിരിക്കുന്ന ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും എന്നാല്‍ എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നത് ഒരു നീണ്ട പ്രക്രിയയാണെന്നും ട്രംപ് പറഞ്ഞു. ഇരുവരും ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് യുഎസ് പ്രസിഡന്റിന്റെ പരാമര്‍ശം.
യുദ്ധം അവസാനിക്കണമെന്ന ലോകത്തിന്റെ ആവശ്യത്തിനു മുന്നില്‍ ഏറെ പ്രതീക്ഷയോടെ നടന്ന കൂടിക്കാഴ്ചയായിരുന്നു ഇരുവരുടേയും. ഗാസയുടെ ഭാവിയെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റിന്റെ ‘ധീരമായ കാഴ്ചപ്പാട്’ ചര്‍ച്ച ചെയ്തതായി നെതന്യാഹു പറഞ്ഞു. ഗാസ ഏറ്റെടുക്കുമെന്ന ട്രംപിന്റെ നിര്‍ദ്ദേശത്തെ പരാമര്‍ശിച്ചുകൊണ്ടാണ് നെതന്യാഹു ഇത് പറഞ്ഞത്. ‘അമേരിക്ക പോലുള്ള ഒരു സമാധാന സേന ഗാസ മുനമ്പിനെ നിയന്ത്രിക്കുകയും സ്വന്തമാക്കുകയും ചെയ്യുന്നത് നല്ല കാര്യമായിരിക്കും’ എന്ന് ട്രംപ് ആവര്‍ത്തിച്ചു.