
വാഷിംഗ്ടണ്‍: ഇന്ത്യയ്ക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ഒരു പുതിയ സംഭവവികാസം കൂടി വരുന്നു. യുക്രെയ്‌നിലെ യുദ്ധത്തിന്റെ പേരില്‍ റഷ്യയ്ക്കെതിരെ അടുത്ത ഉപരോധത്തിന് തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഞായറാഴ്ച പറഞ്ഞു.
നേരത്തെ, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കുമേല്‍ കൂടുതല്‍ പ്രതിരോധം ഏര്‍പ്പെടുത്തിയാല്‍ റഷ്യന്‍ സമ്പത്ത് വ്യവസ്ഥ തകരുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞിരുന്നു. അങ്ങനെ ചെയ്താല്‍ പുടിന്‍ താനെ സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലുള്ള പ്രതികരണമാണ് പിന്നാലെ പ്രഡിഡന്റ് ഡോണള്‍ഡ് ട്രംപില്‍ നിന്നും ഉണ്ടായത്. റഷ്യയ്ക്കു മേല്‍ സമ്മര്‍ദം വര്‍ധിപ്പിക്കാന്‍ യുഎസ് തയാറാണെന്നും എന്നാല്‍ അതിന് യൂറോപ്യന്‍ പങ്കാളികള്‍ ഞങ്ങളെ പിന്തുടരണമെന്നും ബെസന്റ് എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്ന ചോദ്യങ്ങള്‍ക്ക് ‘അതെ, ഞാന്‍ തയ്യാറാണ്,’ എന്നാണ് വൈറ്റ് ഹൗസില്‍വെച്ച് ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.
റഷ്യയ്ക്കും അല്ലെങ്കില്‍ ഇന്ത്യ പോലുള്ള അതിന്റെ എണ്ണ വാങ്ങുന്നവര്‍ക്കും മേല്‍ കൂടുതല്‍ താരിഫുകളും മറ്റ് സാമ്പത്തിക ഞെരുക്കങ്ങളും ഏര്‍പ്പെടുത്തുന്നതിലേക്ക് യുഎസ് നീങ്ങുകയാണെന്ന വ്യക്തമായ സൂചനയാണ് അമേരിക്കയുടെ ഭാഗത്തുനിന്നും ഇപ്പോള്‍ വന്നിരിക്കുന്നത്.
"Are you ready to move to the second phase of sanctions against Russia?"@POTUS: "Yeah, I am." pic.twitter.com/I2tGWy6QJC
— Rapid Response 47 (@RapidResponse47) September 7, 2025
കൂടുതല്‍ ഉപരോധങ്ങളിലൂടെ ഒരു സാമ്പത്തിക തകര്‍ച്ച നല്‍കിയാല്‍ മാത്രമേ ഇപ്പോള്‍ വ്ളാഡിമിര്‍ പുടിനെ യുക്രെയ്നുമായി ചര്‍ച്ചകള്‍ക്ക് പ്രേരിപ്പിക്കൂ എന്നായിരുന്നു ബെസെന്റിന്റെ പ്രധാന വാദം. അലാസ്‌കയില്‍ പുടിനുമായി ഒരു ഉച്ചകോടി നടന്നിട്ടും സമാധാനം സ്ഥാപിക്കാനുള്ള ട്രംപിന്റെ മധ്യസ്ഥത ശ്രമം ഇതുവരെ ഫലപ്രദമായിട്ടില്ല. മാത്രമല്ല, യുദ്ധം കൂടുതല്‍ രൂക്ഷമാകുകയും ചെയ്തു.
പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പരസ്പരം മഞ്ഞുരുകുന്ന പ്രസ്താവനകളുമായി മുന്നോട്ടു വന്നതിനു പിന്നാലെയാണ് ഈ പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായത്.
അതേസമയം, ‘റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍’ എന്ന തന്റെ പരാമര്‍ശത്തില്‍, ബെസെന്റ് അങ്ങനെ ആരെയും പരാമര്‍ശിച്ചില്ല, എന്നാല്‍ ഈ വിഷയത്തില്‍ യുഎസ് താരിഫുകളുടെ ഏറ്റവും വലിയ ലക്ഷ്യം ഇന്ത്യ തന്നെയാണ്. ‘യുഎസിനും യൂറോപ്യന്‍ യൂണിയനും റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് കൂടുതല്‍ ഉപരോധങ്ങളും കൂടുതല്‍ ദ്വിതീയ താരിഫുകളും ഏര്‍പ്പെടുത്താന്‍ കഴിയുമെങ്കില്‍, റഷ്യന്‍ സമ്പദ്വ്യവസ്ഥ പൂര്‍ണ്ണമായും തകര്‍ച്ചയിലാകും, അത് പ്രസിഡന്റ് പുടിനെ സമാധാന ചര്‍ച്ചാമേശയിലേക്ക് കൊണ്ടുവരും,’ ബെസെന്റ് എന്‍ബിസിയോട് പറഞ്ഞതിങ്ങനെ.
യുദ്ധത്തിന്റെ തുടക്കം മുതല്‍ റഷ്യ ഇതിനകം തന്നെ യുഎസില്‍ നിന്നും യൂറോപ്പില്‍ നിന്നും ധാരാളം ഉപരോധങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍, ഇന്ത്യയിലും ചൈനയിലും മറ്റിടങ്ങളിലും എണ്ണയ്ക്കും വാതകത്തിനും ഉപഭോക്താക്കളെ കണ്ടെത്തി, വരുമാനം ഉറപ്പാക്കുന്നുണ്ട്. ഇതാണ് ട്രംപിനെ കൂടുതല്‍ ചൊടിപ്പിക്കുന്നത്.