
സാന്താ മോണിക്ക: ലോസ് ഏഞ്ചല്‍സിലെ പസഫിക് പാലിസേഡ്സില്‍ തീപിടുത്തം ഉണ്ടായി അഞ്ച് ദിവസത്തിന് ശേഷം മറ്റൊരു വെല്ലുവിളി ഉയരുന്നു. വീട് കത്തിച്ചാമ്പലാകുന്നത് കണ്ട് കണ്ണുനിറഞ്ഞവര്‍ക്ക് എവിടെയെങ്കിലും താമസിക്കാന്‍ ഇടം കണ്ടെത്താന്‍ നെട്ടോട്ടമോടുമ്പോള്‍ വീടുകളുടെ വാടക കുതിച്ചുയരുന്നു. ഉയര്‍ന്ന വാടക ഈടാക്കുന്നതിനാല്‍ പോകാന്‍ ഇടമില്ലാതെ നിരവധിപേര്‍ കഷ്ടപ്പെടുകയാണ്.
ചൊവ്വാഴ്ച മുതല്‍ ലോസ് ഏഞ്ചല്‍സില്‍ ഉണ്ടായ വലിയ തീപിടുത്തങ്ങള്‍ എല്ലാം ചുട്ടെരിച്ച് പടരുകയാണ്. നഗരത്തിന്റെ പല ഭാഗങ്ങളും ചാരമായി.150,000-ത്തിലധികം ആളുകളോട് വീടുകള്‍ ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ ഉത്തരവിട്ടു. പലരുടെയും വീടിനെ തീ പിടുത്തം ബാധിച്ചിട്ടില്ലെങ്കിലും ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ഇപ്പോള്‍ നിര്‍ബന്ധിത ഒഴിപ്പിക്കല്‍ ഉത്തരവ് നടപ്പിലാക്കുന്നുണ്ട്.
എന്നാല്‍, ലോസ് ഏഞ്ചല്‍സിലെ വാടക വര്‍ധനവിനെതിരെ കാലിഫോര്‍ണിയയിലെ അറ്റോര്‍ണി ജനറല്‍ റോബ് ബോണ്ട രംഗത്തെത്തിയിരുന്നു. ഇത്തരം വാടകവര്‍ദ്ധനവിനെതിരെ നിയമങ്ങളുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ‘വിലക്കയറ്റം നിയമവിരുദ്ധമാണ്. ഞങ്ങള്‍ അതിനെ പിന്തുണയ്ക്കില്ല. ഞങ്ങള്‍ കേസെടുക്കും,’ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു, കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്ക് ഒരു വര്‍ഷം തടവ് ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ വില്‍പ്പനക്കാര്‍ക്ക് അവരുടെ വില 10 ശതമാനത്തില്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വീടുകള്‍ വിട്ടുപോകാന്‍ നിര്‍ബന്ധിതരായ ആളുകളുടെ വരുമാനത്തെക്കാള്‍ ഉയര്‍ന്നതുകയാണ് പലരും വാടകയായി ആവശ്യപ്പെടുന്നത്. മറ്റുള്ളവരുടെ ദുരിതത്തില്‍ നിന്ന് പണം സമ്പാദിക്കാനുള്ള അവസരം മുതലെടുക്കുകയാണ് വീട് നല്‍കുന്നവര്‍.
വീടിന്റെകാര്യം മാത്രമല്ല, ഹോട്ടല്‍ ബുക്ക് ചെയ്തവര്‍ക്കും സമാന അനുഭവമാണ് ഉണ്ടായത്.












