
വാഷിംഗ്ടൺ: ലഹരി മരുന്ന് കടത്തിയെന്ന് ആരോപിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഉത്തരവിൽ ഭീകര സംഘടനയുടെ കപ്പൽ തകർത്ത് യുഎസ് സൈന്യം. കപ്പലിലുണ്ടായിരുന്ന മൂന്ന് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ദക്ഷിണ അമേരിക്ക, മധ്യ അമേരിക്ക, കരീബിയൻ ദ്വീപുകൾ ഉൾപ്പെടുന്ന യുഎസ് സതേൺ കമാൻഡിന്റെ അധികാര പരിധിയിൽ വരുന്ന പ്രദേശത്താണ് ആക്രമണം നടന്നത്. അമേരിക്കയിലേക്ക് ലഹരി മരുന്ന് കടത്തിക്കൊണ്ടുവന്ന കപ്പലാണ് ലക്ഷ്യമിട്ടതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
“എൻ്റെ ഉത്തരവ് പ്രകാരം, യുദ്ധകാര്യ സെക്രട്ടറി യുഎസ് സതേൺ കമാൻഡിൻ്റെ അധികാര പരിധിയിലുള്ള, ഭീകര സംഘടനയുമായി ബന്ധമുള്ള ഒരു കപ്പലിനെതിരെ മാരകമായ ആക്രമണത്തിന് ഉത്തരവിട്ടു. ലഹരി മരുന്നുകൾ കടത്തുകയാണെന്ന് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ച ഈ കപ്പൽ അമേരിക്കക്കാരെ വിഷമിപ്പിക്കാൻ ലക്ഷ്യമിട്ട് ലഹരി മരുന്ന് കടത്ത് പാതയിലൂടെ സഞ്ചരിക്കുകയായിരുന്നു,” ട്രംപ് കുറിച്ചു.
സൈനിക നടപടിക്കിടെ ഒരു യുഎസ് സൈനികനും പരിക്കേറ്റിട്ടില്ലെന്നും ട്രംപ് അറിയിച്ചു. ഈ ആക്രമണം ലഹരി മരുന്ന് കടത്ത് തടയാനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ കർശന നടപടികളുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.












