
ബേൺ: പശ്ചിമേഷ്യയിൽ പൂർണ്ണമായ പ്രാദേശിക വെടിനിർത്തൽ ഉറപ്പാക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതിജ്ഞാബദ്ധനാണെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് വ്യക്തമാക്കി. ലെബനനിലെ നിലവിലെ സാഹചര്യങ്ങളിൽ തനിക്ക് വലിയ ശുഭപ്രതീക്ഷയുണ്ടെന്നും സ്വിറ്റ്‌സർലൻഡിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേർത്തു. ലെബനനിലെ ഇസ്രായേൽ സൈനിക നടപടിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വൈസ് പ്രസിഡന്റ്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ലെബനനിലെ സംഘർഷം അവസാനിപ്പിക്കാൻ ലോകത്തിലെ മറ്റേതൊരു സർക്കാരിനേക്കാളും കൂടുതൽ കാര്യങ്ങൾ ചെയ്തത് അമേരിക്കയാണെന്ന് വാൻസ് അവകാശപ്പെട്ടു. സമാധാനം ഒരിക്കലും എളുപ്പമുള്ള കാര്യമല്ലെന്നും അതിനായി നിരന്തരമായ പരിശ്രമങ്ങളും വിട്ടുവീഴ്ചകളും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാനം മാത്രമല്ല, മറിച്ച് ഒരു സമഗ്ര പ്രാദേശിക സമാധാനമാണ് യുഎസ് പ്രസിഡന്റ് ലക്ഷ്യമിടുന്നത്. നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ തങ്ങൾ ഇവിടെ കഠിനമായി പരിശ്രമിക്കുന്നതും അതുകൊണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രാദേശിക സമാധാനത്തിലേക്ക് എങ്ങനെയെത്താം എന്നതിനെക്കുറിച്ച് ചിലപ്പോഴൊക്കെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാമെന്ന് വാൻസ് സമ്മതിച്ചു. എങ്കിലും ലെബനനിലെ നിലവിലെ പുരോഗതിയിൽ തനിക്ക് വലിയ സംതൃപ്തിയുണ്ടെന്നും ഇനിയും ചില കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ടെങ്കിലും ലക്ഷ്യം കാണും വരെ തങ്ങൾ ശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വിറ്റ്‌സർലൻഡിൽ ഇന്ന് നടക്കുന്ന ചർച്ചകൾ സാങ്കേതികതലത്തിലുള്ള ചർച്ചകളുടെ തുടക്കം മാത്രമാണെന്നും പെട്ടെന്നൊരു പരിഹാരം ഇതിലൂടെ ഉണ്ടാകില്ലെന്നും വൈസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഇന്നത്തെ ഒത്തുചേരൽ എല്ലാ വിയോജിപ്പുകളും ഒറ്റയടിക്ക് പരിഹരിക്കാൻ വേണ്ടിയുള്ളതല്ല. ചരിത്രത്തിൽ ആദ്യമായി ഇരുവിഭാഗവും ഒന്നിച്ച് ഒരേ മേശയ്ക്ക് ചുറ്റുമിരുന്ന് ചർച്ച നടത്തുന്നു എന്ന പ്രാധാന്യമാണ് ഇതിനുള്ളത്. ഓരോ കക്ഷികൾക്കും ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് തിരിച്ചറിയാനും ആ പ്രശ്നങ്ങൾ പരിഹരിച്ച് മെച്ചപ്പെട്ടൊരു നാളേക്ക് വഴിതുറക്കാനും ഈ ചർച്ചകൾ സഹായിക്കുമെന്നും വാൻസ് പ്രത്യാശ പ്രകടിപ്പിച്ചു.












