വാഷിങ്ടൺ: അമേരിക്കയിലെ ബാൾട്ടിമോറിൽ ഫ്രാൻസിസ് സ്കോട്ട് കീ പാലം തകരാൻ കാരണമായ ഡാലി ചരക്കുകപ്പൽ അപകടം നടന്ന് രണ്ട് വർഷങ്ങൾക്കിപ്പുറം അപകടത്തിൽപ്പെട്ട ചരക്കുകപ്പലിന്റെ ചീഫ് എൻജിനീയറും ഇന്ത്യൻ വംശജനുമായ കാർത്തികേയൻ ദിനദയാലൻ ഗുരുതര സുരക്ഷാ വീഴ്ച മറച്ചുവെച്ചതായി സമ്മതിച്ചു.
2024 മാർച്ച് 26-ന് പുലർച്ചെയാണ് സംഭവം. ബാൾട്ടിമോർ തുറമുഖത്ത് നിന്ന് ശ്രീലങ്കയിലേക്ക് പുറപ്പെട്ട എം.വി. ഡാലി (MV Dali) എന്ന കണ്ടെയ്‌നർ കപ്പൽ യാത്ര ആരംഭിച്ചതിന് പിന്നാലെ വൈദ്യുതി നഷ്ടപ്പെടുകയും തുടർന്ന് ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിന്റെ തൂണിൽ ഇടിച്ചുകയറുകയായിരുന്നു. ഇതോടെ പാലത്തിന്റെ വലിയൊരു ഭാഗം നദിയിലേക്ക് തകർന്നുവീണ് അറ്റകുറ്റപ്പണി തൊഴിലാളികളായ ആറുപേർ കൊല്ലപ്പെട്ടു. അമേരിക്കയിലെ ഏറ്റവും വലിയ സമുദ്ര ദുരന്തങ്ങളിൽ ഒന്നായാണ് സംഭവം വിലയിരുത്തപ്പെട്ടത്.
അപകടസമയത്ത് ഡാലിയുടെ ചീഫ് എൻജിനീയറായിരുന്ന ഇന്ത്യൻ പൗരൻ കാർത്തികേയൻ ദിനദയാലൻ, കപ്പലിൽ സുരക്ഷിതമല്ലാത്ത ഇന്ധന വിതരണ പമ്പ് ഉപയോഗിച്ചിരുന്നതായി അറിയാമായിരുന്നുവെന്നും ഈ അപകടകരമായ അവസ്ഥയെക്കുറിച്ച് യു.എസ്. കോസ്റ്റ് ഗാർഡിനെ അറിയിച്ചില്ലെന്നും സമ്മതിച്ചു.
അമേരിക്കൻ നീതിന്യായ വകുപ്പിന്റെ രേഖകൾ പ്രകാരം, ‘ഫ്ലഷിംഗ് പമ്പ്’ എന്നറിയപ്പെടുന്ന പമ്പിന് ആവശ്യമായ ബദൽ സുരക്ഷാ സംവിധാനം (Redundancy) ഇല്ലായിരുന്നു. ഇത് കപ്പലിന്റെ സുരക്ഷിതമായ സഞ്ചാരത്തെയും വൈദ്യുതി നഷ്ടപ്പെട്ടാൽ വീണ്ടും പ്രവർത്തനക്ഷമമാകാനുള്ള ശേഷിയെയും ബാധിച്ചിരുന്നുവെന്ന് ദിനദയാലൻ മൊഴി നൽകി. വൈദ്യുതി നഷ്ടപ്പെട്ടാൽ അത് കപ്പലിന്റെ സുരക്ഷ മാത്രമല്ല, പാലങ്ങൾ, തീരപ്രദേശങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ സുരക്ഷയ്ക്കും ഭീഷണിയാകുമെന്ന് അറിയാമായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു.
എം.വി. ഡാലി?
സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്ത 900 അടി നീളമുള്ള വിദേശ പതാകയുള്ള കണ്ടെയ്‌നർ കപ്പലാണ് എം.വി. ഡാലി. സിംഗപ്പൂർ ആസ്ഥാനമായ സിനർജി മറൈൻ പി.ടി.ഇ. ലിമിറ്റഡും ചെന്നൈ ആസ്ഥാനമായ സിനർജി മാരിടൈം പി.ടി.ഇ. ലിമിറ്റഡുമാണ് കപ്പലിന്റെ മാനേജ്മെന്റുമായി ബന്ധപ്പെട്ടിരുന്നത്.
അപകടം സംഭവിച്ചത് ?
ബാൾട്ടിമോർ തുറമുഖത്തിൽ നിന്ന് കടലിലേക്ക് നീങ്ങുന്നതിനിടെ നാല് മിനിറ്റിനിടെ രണ്ടുതവണ കപ്പലിന് വൈദ്യുതി നഷ്ടമായി. ഇതാണ് കപ്പൽ നിയന്ത്രണം വിട്ട് കീ പാലത്തിന്റെ തൂണിൽ ഇടിച്ചുകയറാൻ കാരണമായത്. ഉയർന്ന വോൾട്ടേജ് സ്വിച്ച്‌ബോർഡിലെ ഒരു അയഞ്ഞ വൈദ്യുത വയറാണ് ആദ്യ വൈദ്യുതി തടസ്സത്തിന് കാരണമായതെന്നാണ് അന്വേഷണ കണ്ടെത്തൽ.
സാധാരണ സാഹചര്യത്തിൽ കപ്പലിലെ പ്രധാന സംവിധാനങ്ങൾ വൈദ്യുതി മുടങ്ങിയാൽ സ്വയം പുനരാരംഭിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരുന്നത്.എന്നാൽ ആദ്യ തകരാറിന് ശേഷം വൈദ്യുതി തിരിച്ചുകിട്ടിയെങ്കിലും അധികം വൈകാതെ വീണ്ടും വൈദ്യുതി നഷ്ടമായി. കപ്പലിന്റെ മാനേജ്മെന്റ് കമ്പനികൾ പിന്നീട് നടത്തിയ മാറ്റങ്ങളെത്തുടർന്ന് നാല് ജനറേറ്ററുകളിൽ രണ്ടെണ്ണത്തിന് ഇന്ധനം നൽകാൻ ഫ്ലഷിംഗ് പമ്പിനെയാണ് ആശ്രയിച്ചിരുന്നത്.
ഈ പമ്പിന് വൈദ്യുതി മുടങ്ങിയ ശേഷം സ്വയം പ്രവർത്തനം പുനരാരംഭിക്കാനുള്ള സംവിധാനമില്ലായിരുന്നു. ഇന്ധനവിതരണം നിലച്ചതോടെ ജനറേറ്ററുകളും പ്രവർത്തനരഹിതമായി. ഇതാണ് രണ്ടാമത്തെ ബ്ലാക്ക്ഔട്ടിന് കാരണമായത്. ശരിയായ ഇന്ധന വിതരണ പമ്പുകൾ ഉപയോഗിച്ചിരുന്നുവെങ്കിൽ കപ്പലിന് സമയബന്ധിതമായി വൈദ്യുതി വീണ്ടെടുത്ത് പാലത്തിനടിയിലൂടെ സുരക്ഷിതമായി കടന്നുപോകാനാകുമായിരുന്നുവെന്നാണ് അന്വേഷണ നിഗമനം.
‘വിശ്വസനീയമായ ഇമെയിൽ അയയ്ക്കൂ’
സുരക്ഷിതമല്ലാത്ത ഫ്ലഷിംഗ് പമ്പ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് കമ്പനികളിലെ ഉദ്യോഗസ്ഥരുമായി, പ്രത്യേകിച്ച് മലയാളിയായ രാധാകൃഷ്ണൻ കാർത്തിക് നായരുമായി നടത്തിയ ആശയവിനിമയങ്ങളെക്കുറിച്ചും ദിനദയാലൻ വിശദീകരിച്ചു. ഡാലിയുടെ ഇന്ധന ഉപഭോഗത്തെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ഉയരാതിരിക്കാനും ഫ്ലഷിംഗ് പമ്പിന്റെ ഉപയോഗം പുറത്തുവരാതിരിക്കാനും കപ്പലിന്റെ ചാർട്ടറർ കമ്പനിക്ക് “വിശ്വസനീയമായ ഒരു ഇമെയിൽ” അയയ്ക്കാൻ നായർ നിർദേശിച്ചതായും ദിനദയാലൻ വെളിപ്പെടുത്തി. ഫെഡറൽ കോടതിയിൽ കമ്പനികൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരെ കുറ്റം ചുമത്തപ്പെട്ടതിന് പിന്നാലെയാണ് ദിനദയാലന്റെ ഈ നിർണായക സമ്മതം പുറത്തുവന്നത്.
ഗൂഢാലോചന കേസ്
ഈ വർഷം ആദ്യം, കപ്പൽ മാനേജ്മെന്റ് കമ്പനികളായ രണ്ട് കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും കപ്പലിൻ്റെ ടെക്നിക്കൽ സൂപ്രണ്ടിനുമെതിരെ എഫ്ബിഐ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി. സിംഗപ്പൂർ ആസ്ഥാനമായുള്ള സിനർജി മറൈൻ പ്രൈവറ്റ് ലിമിറ്റഡ്, ചെന്നൈ ആസ്ഥാനമായുള്ള സിനർജി മാരിടൈം പ്രൈവറ്റ് ലിമിറ്റഡ്, കൂടാതെ ഈ രണ്ട് കമ്പനികളുടേയും ടെക്നിക്കൽ സൂപ്രണ്ടായ മലയാളി രാധാകൃഷ്ണൻ കാർത്തിക് നായർ (47) എന്നിവർക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. സിംഗപ്പൂരിലും ഇന്ത്യയിലുമുള്ള കമ്പനിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഈ നടപടികൾ.
ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, കപ്പൽ യാത്രയിലെ അശ്രദ്ധ മൂലം മരണം സംഭവിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതുകൂടാതെ, പട്ടാപ്‌സ്കോ നദിയിലേക്ക് എണ്ണയും കണ്ടെയ്നറുകളും പാലത്തിൻ്റെ അവശിഷ്ടങ്ങളും കലർന്ന് മലിനീകരണമുണ്ടായതിന് ക്ലീൻ വാട്ടർ ആക്ട് ലംഘിച്ചതുൾപ്പെടെയുള്ള കുറ്റങ്ങളും സിനർജി കമ്പനികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
കപ്പലിലെ അപകടസാധ്യതകളെക്കുറിച്ചും സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചും യുഎസ് കോസ്റ്റ് ഗാർഡിനോട് കമ്പനി നുണ പറയുകയും വിവരങ്ങൾ മറച്ചുവെക്കുകയും ചെയ്തുവെന്ന് പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നു. എന്നാൽ ഈ ആരോപണങ്ങളെ ശക്തമായി നേരിടുമെന്ന് കമ്പനി അറിയിച്ചു. ഒരു അപകടത്തെ ക്രിമിനൽ കുറ്റമായി മാറ്റാനാണ് നീതിയന്യായ വകുപ്പ് ശ്രമിക്കുന്നതെന്നും, പാലം തകർന്നതുമായി ഈ ആരോപണങ്ങൾക്ക് ബന്ധമില്ലെന്നും കമ്പനി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
കപ്പലിലെ വൈദ്യുതി ബന്ധം രണ്ട് തവണ വിച്ഛേദിക്കപ്പെട്ടതാണ് അപകടകാരണമെന്ന് പ്രോസിക്യൂട്ടർമാർ പറയുന്നു. ജനറേറ്ററുകളിലേക്ക് ഇന്ധനം എത്തിക്കാൻ അനുമതിയില്ലാത്ത പമ്പുകൾ ഉപയോഗിച്ചതാണ് ഇതിന് കാരണമായതെന്നും, ശരിയായ സംവിധാനമാണ് ഉപയോഗിച്ചിരുന്നതെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്നും ഇവർ വാദിക്കുന്നു. കൂടാതെ, കമ്പനി ജീവനക്കാർ ഈ സുരക്ഷാ വീഴ്ചകൾ മറച്ചുവെക്കാൻ ശ്രമിച്ചതായും രേഖകളിൽ തിരുത്തൽ വരുത്തിയതായും കുറ്റപത്രത്തിൽ പറയുന്നു.
അതേസമയം, സിവിൽ കേസുമായി ബന്ധപ്പെട്ട് സിനർജി മറൈൻ കമ്പനി മേരിലാൻഡ് സംസ്ഥാനത്തിന് 2.25 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ധാരണയായിട്ടുണ്ട്. പാലത്തിൻ്റെ തകർച്ച, പരിസ്ഥിതി ആഘാതം, ടോൾ വരുമാനത്തിലെ നഷ്ടം എന്നിവ കണക്കിലെടുത്താണ് ഈ തുക. ഇതിനോടകം തന്നെ നീതിയന്യായ വകുപ്പിന് 100 മില്യൺ ഡോളറും ഇൻഷുറൻസ് കമ്പനിക്ക് 350 മില്യൺ ഡോളറും കപ്പൽ ഉടമകൾ നൽകിയിട്ടുണ്ട്.
Two years after fatal bridge collapse in Baltimore, Indian-origin chief engineer admits he did this mistake












