
ന്യൂഡല്‍ഹി: പ്രമുഖ ദിനപത്രമായ ന്യൂയോര്‍ക്ക് ടൈംസിനെതിരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പത്രത്തിനെതിരെ 15 ബില്യണ്‍ ഡോളറിന്റെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയാണെന്ന് ട്രംപ് തിങ്കളാഴ്ച പറഞ്ഞു. ‘അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശവും അധഃപതിച്ചതുമായ പത്രങ്ങളില്‍ ഒന്ന്’ എന്നാണ് അദ്ദേഹം പത്രത്തെ വിശേഷിപ്പിച്ചത്.
‘നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശവും അധഃപതിച്ചതുമായ പത്രങ്ങളിലൊന്നായ ന്യൂയോര്‍ക്ക് ടൈംസിനെതിരെ 15 ബില്യണ്‍ ഡോളറിന്റെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്ക് വലിയ ബഹുമതിയുണ്ട്, ഇത് റാഡിക്കല്‍ ലെഫ്റ്റ് ഡെമോക്രാറ്റ് പാര്‍ട്ടിയുടെ വെര്‍ച്വല്‍ ‘മുഖ്യപത്രമായി’ മാറുന്നു.’- തിങ്കളാഴ്ച വൈകുന്നേരം (പ്രാദേശിക സമയം) ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ ട്രംപ് പറഞ്ഞു. ഫ്‌ളോറിഡയിലാണ് കേസ് ഫയല്‍ ചെയ്യുന്നതെന്ന് ട്രംപ് പറഞ്ഞെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയില്ല.
മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഡെമോക്രാറ്റിക് നേതാവുമായ കമല ഹാരിസിനെ പിന്തുണച്ചതിനും ന്യൂയോര്‍ക്ക് ടൈംസിനെ ട്രംപ് വിമര്‍ശിച്ചു. ‘ഇതുവരെ ലഭിച്ചതില്‍ വച്ച് ഏറ്റവും വലിയ നിയമവിരുദ്ധമായ പ്രചാരണ സംഭാവനയായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്. കമല ഹാരിസിനുള്ള അവരുടെ അംഗീകാരം ന്യൂയോര്‍ക്ക് ടൈംസിന്റെ ഒന്നാം പേജില്‍ തന്നെ പ്രസ്താവിച്ചു, ഇതുവരെ കേട്ടിട്ടില്ലാത്ത ഒന്ന്!’ അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.
തന്നെക്കുറിച്ചും, തന്റെ ബിസിനസുകളെക്കുറിച്ചും, കുടുംബാംഗങ്ങളെക്കുറിച്ചും പത്രം തെറ്റായ വിവരങ്ങളാണ് നല്‍കുന്നതെന്നാണ് ട്രംപിന്റെ വാദം. ‘നിങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്റ് (ME!), എന്റെ കുടുംബം, ബിസിനസ്സ്, അമേരിക്ക ഫസ്റ്റ് മൂവ്മെന്റ്, MAGA, നമ്മുടെ രാഷ്ട്രം എന്നിവയെക്കുറിച്ചും പതിറ്റാണ്ടുകളായി നുണ പറയുന്ന രീതിയിലാണ് ”ടൈംസ്” ഏര്‍പ്പെട്ടിരിക്കുന്നത്,’ – ട്രംപ് പത്രത്തെ കുറ്റപ്പെടുത്തി.















