
ന്യൂഡല്‍ഹി : 2023 ഒക്ടോബര്‍ 7, ഇസ്രായേലിന് കണ്ണീരുസമ്മാനിച്ച അപ്രതീക്ഷിതമായ ദിവസം. പ്രതിരോധ സംവിധാനങ്ങള്‍ ഇരുക്കുകോട്ട തീര്‍ത്ത ഇസ്രയേലിന് ഹമാസ് സമ്മാനിച്ച വേദനയ്ക്ക് തിരിച്ചടിയുമായി ഇറങ്ങിയ ഇസ്രയേല്‍ സൈന്യം ഗാസയെ കണ്ണീര്‍ക്കടലാക്കി. ഇസ്രയേല്‍- ഹമാസ് യുദ്ധം ഇന്ന് രണ്ടുവര്‍ഷം പിന്നിട്ടും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഹമാസ് ഇസ്രായേലില്‍ ഏകദേശം 1,200 പേരെ കൊല്ലപ്പെടുത്തിയെങ്കില്‍ ഇസ്രയേല്‍ ഗാസയില്‍ 67000 ജീവനുകള്‍ കവര്‍ന്നു. 1.60 ലക്ഷത്തിലധികം
പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇത് ഔദ്യോഗിക വിവരം, അനൗദ്യോഗിക കണക്കുകളില്‍ ഇനിയുമെത്രയോ പേര്‍.
2023 ഒക്ടോബര്‍ 8 ന്, ഇസ്രായേല്‍ സര്‍ക്കാര്‍ ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയില്‍ ആക്രമണം നടത്തി, അതിനുശേഷമുള്ള രണ്ട് വര്‍ഷങ്ങള്‍ പലസ്തീനികളെ സംബന്ധിച്ചിടത്തോളം ഭയാനകമായിരുന്നു. ഇസ്രായേല്‍ പ്രതിരോധ സേനയുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ 80% പേരും സാധാരണക്കാരാണെന്ന് കണക്കാക്കപ്പെടുന്നു.
ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ റിപ്പോര്‍ട്ട് പ്രകാരം, ഗാസയിലെ 90% വീടുകളും നശിപ്പിക്കപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. 2.1 ദശലക്ഷം ജനസംഖ്യയില്‍ 1.9 ദശലക്ഷം പേര്‍ ആന്തരികമായി കുടിയിറക്കപ്പെട്ടു. ഗാസയില്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ‘സമ്പൂര്‍ണ ഉപരോധം’ കാരണം, പ്രദേശത്തിന്റെ വലിയൊരു ഭാഗം രൂക്ഷമായ ഭക്ഷ്യക്ഷാമം അനുഭവിക്കുകയാണ്, പട്ടിണിമൂലം കുറഞ്ഞത് 450 പേരാണ് മരിച്ചത്. ഇവരില്‍ 150 പേര്‍ കുട്ടികളാണ്.












