ട്രംപിന്റെ രാഷ്ട്രീയ എതിരാളികൾക്കെതിരെ കേസെടുക്കാൻ സമ്മർദ്ദം; വഴങ്ങാത്ത ഫെഡറൽ പ്രോസിക്യൂട്ടറെ പുറത്താക്കി

വാഷിംഗ്ടൺ: എഫ്ബിഐ മുൻ മേധാവി ജെയിംസ് കോമിക്കും ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസിനുമെതിരെ കേസെടുക്കാൻ വിസമ്മതിച്ചതിന് ഫെഡറൽ പ്രോസിക്യൂട്ടർ എറിക് സീബെർട്ടിനെ പുറത്താക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപിന്റെ രാഷ്ട്രീയ എതിരാളികൾക്കെതിരെ കേസെടുക്കാൻ സീബെർട്ടിന് മേൽ സമ്മർദ്ദമുണ്ടായിരുന്നതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുഎസ് അറ്റോർണി ഫോർ ദ ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് ഓഫ് വെർജീനിയ എന്ന സ്ഥാനത്ത് നിന്ന് സീബെർട്ട് രാജി വെച്ചതായി ന്യൂയോർക്ക് ടൈംസും മറ്റ് യുഎസ് മാധ്യമങ്ങളും വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, “അവൻ രാജിവെച്ചതല്ല, ഞാൻ അവനെ പുറത്താക്കിയതാണ്!” എന്ന് ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

“വളരെ മോശം, ഡെമോക്രാറ്റിക് സെനറ്റർമാരുടെ ശക്തമായ പിന്തുണ അവന് ലഭിച്ചതായി എനിക്ക് വിവരം ലഭിച്ചതുകൊണ്ടാണ് എറിക് സീബെർട്ടിന്റെ നോമിനേഷൻ ഞാൻ പിൻവലിച്ചത്,” ട്രംപ് പറഞ്ഞു. “എനിക്ക് അവനെ പുറത്താക്കണം,” മണിക്കൂറുകൾക്ക് മുൻപ് ഓവൽ ഓഫീസിൽ വെച്ച് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

കോൺഗ്രസിനോട് കള്ളം പറഞ്ഞെന്നാരോപിച്ച് കോമിക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് സീബെർട്ട് നീതിന്യായ വകുപ്പ് നേതൃത്വത്തെ അറിയിച്ചിരുന്നുവെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. കൂടാതെ, ലെറ്റീഷ്യ ജെയിംസിനെതിരെ മോർട്ട്ഗേജ് തട്ടിപ്പ് കേസ് ചുമത്തുന്നതിന് മതിയായ തെളിവുകളില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2017-ൽ റഷ്യയുമായുള്ള ട്രംപിൻ്റെ ബന്ധം അന്വേഷിക്കുന്നതിനിടെയാണ് അന്നത്തെ എഫ്ബിഐ മേധാവി ജെയിംസ് കോമിയെ ട്രംപ് പുറത്താക്കിയത്. ട്രംപിൻ്റെ ഈ നീക്കം ഫെഡറൽ ഏജൻസികളിലെ രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നുണ്ട്.

More Stories from this section

family-dental
witywide