
വാഷിംഗ്ടൺ: നിർണായക ധാതുക്കളുടെ ലഭ്യത ഉറപ്പാക്കാനായി അമേരിക്ക ആവിഷ്കരിച്ച ‘പ്രോജക്റ്റ് വോൾട്ട്’ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. 12 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ചൈനയിൽ നിന്നടക്കം ധാതുക്കൾ ശേഖരിക്കുമെന്ന് യുഎസ് എക്സ്പോർട്ട്-ഇംപോർട്ട് ബാങ്ക് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇലക്ട്രിക് വാഹന ബാറ്ററികൾ, സോളാർ പാനലുകൾ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾക്ക് ആവശ്യമായ ധാതുക്കളുടെ വിതരണത്തിൽ തടസ്സമുണ്ടാകാതിരിക്കാൻ ഒരു മുൻകൂർ ശേഖരം കെട്ടിപ്പടുക്കുക എന്നതാണ് പ്രധാന ലക്ഷ്യം. തുടക്കത്തിൽ എവിടെനിന്നും ധാതുക്കൾ വാങ്ങുമെങ്കിലും, പിന്നീട് അമേരിക്കൻ ആഭ്യന്തര ഉല്പാദനത്തിനും സഖ്യകക്ഷികൾക്കുമായിരിക്കും മുൻഗണന നൽകുക. ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് അന്തിമ ലക്ഷ്യം.
എക്സിം ബാങ്കിൻ്റെ 10 ബില്യൺ ഡോളർ വായ്പയും 2 ബില്യൺ ഡോളർ സ്വകാര്യ മൂലധനവും ചേർത്താണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്ലെൻകോർ, ഹാർട്രീ പാർട്‌ണേഴ്സ് തുടങ്ങിയ പ്രമുഖ ട്രേഡിംഗ് കമ്പനികൾ വഴിയാണ് ധാതുക്കൾ ശേഖരിക്കുന്നത്. നിലവിൽ ഈ മേഖലയിൽ ചൈനയ്ക്കുള്ള ആധിപത്യം മറികടക്കാനാണ് ട്രംപ് ഭരണകൂടം ഈ ബദൽ വിതരണ ശൃംഖലയ്ക്ക് രൂപം നൽകുന്നത്. ഏകദേശം 60-ഓളം ധാതുക്കളാണ് പദ്ധതിയുടെ പരിഗണനയിലുള്ളത്. തുടക്കത്തിൽ നിലവിലുള്ള സ്വകാര്യ വെയർഹൗസുകൾ ഉപയോഗിക്കുമെങ്കിലും ഭാവിയിൽ സ്വന്തമായി സംഭരണ ശൃംഖല വികസിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
$12 billion ‘Project Vault’ for mineral exploration; US move includes China













