
ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മുൻ റോ മേധാവി സാമന്ത് ഗോയൽ എന്നിവർക്കെതിരെ അമേരിക്കൻ കോടതി പുറപ്പെടുവിച്ച സമൻസ് ഇന്ത്യ പൂർണ്ണമായും തള്ളിക്കളഞ്ഞു. ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്‌വന്ത് സിങ് പന്നൂൻ നൽകിയ സിവിൽ കേസിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
“ഇത്തരം അടിസ്ഥാനരഹിതമായ കേസുകൾ ഞങ്ങൾ തള്ളിക്കളയുന്നു എന്നതാണ് ഇന്ത്യയുടെ എക്കാലത്തെയും നിലപാട്. ഉന്നത ഉദ്യോഗസ്ഥർക്കെതിരായ ദുരുദ്ദേശ്യപരമായ നീക്കങ്ങളാണിത്,” വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചു. വിദേശ കോടതികളിൽ നിന്നുള്ള നിയമപരമായ രേഖകൾ കൈമാറുന്നതിനുള്ള അഭ്യർത്ഥനകൾ ഇന്ത്യയുടെ കേന്ദ്ര അതോറിറ്റിയായ കേന്ദ്ര നിയമ-നീതിന്യായ മന്ത്രാലയം വഴി മാത്രമേ നൽകാൻ സാധിക്കൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിരോധിത സംഘടനയായ ‘സിഖ്സ് ഫോർ ജസ്റ്റിസ്’ സ്ഥാപകൻ ഗുർപത്‌വന്ത് സിങ് പന്നൂൻ തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ നൽകിയ സിവിൽ കേസിലാണ് സമൻസ് പുറപ്പെടുവിച്ചത്. നയതന്ത്ര മാർഗ്ഗങ്ങളിലൂടെ സമൻസ് കൈമാറാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ, ഡൽഹിയിലെ മൂന്ന് ജില്ലാ കോടതികൾ (പട്യാല ഹൗസ്, ദ്വാരക, തീസ് ഹസാരി) വഴി സമൻസ് കൈമാറാൻ ന്യൂയോർക്ക് സതേൺ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി കാതറിൻ പോൾക്ക് ഫെയ്‌ല നിർദ്ദേശിച്ചിരുന്നു. ഈ സിവിൽ കേസിൽ അമേരിക്കൻ സർക്കാർ കക്ഷിയല്ല. അതേസമയം നിയമപരമായ ബാധ്യതയുടെ ഭാഗമായാണ് നടപടിയെന്നും കേസിലെ ആരോപണത്തിൽ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും യുഎസ് വ്യക്തമാക്കി.
India dismisses US court summons against Doval and Samant Goel; terms case ‘baseless’















